
വാഷിംഗ്ടൺ: യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിനിടെ, യുക്രെയ്ൻ-റഷ്യൻ പ്രത്യേക പ്രതിനിധിയായ കീത്ത് കെല്ലോഗുമായി യുക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്‌കി കൂടിക്കാഴ്ച നടത്തി. ഡ്രോണുകൾ ഉൾപ്പെടെയുള്ള പ്രതിരോധ മേഖലയിലെ സഹകരണമാണ് പ്രധാനമായും ചർച്ച ചെയ്തത്.
യുക്രെയ്ൻ – റഷ്യൻ യുദ്ധത്തിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നിർദ്ദേശിച്ച സമാധാന പദ്ധതി ചർച്ച ചെയ്യാൻ വേണ്ടിയാണ് കെല്ലോഗ് ന്യൂയോർക്കിലെത്തിയത്.
മുൻപ് റിപ്പോർട്ട് ചെയ്തതുപോലെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും. അതിനു മുൻപാണ് സെലെൻസ്‌കി കെല്ലോഗുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുടെ വീഡിയോയും വിവരങ്ങളും സെലെൻസ്‌കി എക്‌സിൽ പങ്കുവെച്ചു.
“യുക്രെയ്ൻ-യുഎസ് സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും, ഡ്രോണുകൾ, അമേരിക്കൻ ആയുധങ്ങൾ എന്നിവയുടെ കാര്യത്തിലുമുള്ള പരസ്പര ധാരണകളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു. ഞാൻ അദ്ദേഹത്തിന് യുദ്ധമുഖത്തെ സ്ഥിതിഗതികളെക്കുറിച്ച് വിശദീകരിച്ചു,” സെലെൻസ്‌കി കുറിച്ചു.














