
കീവ്/വാഷിംഗ്ടൺ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന് രൂപം നൽകുന്നതിനായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ഞായറാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫ്ലോറിഡയിൽ കൂടിക്കാഴ്ച നടത്തും. ഏകദേശം നാല് വർഷമായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താനുള്ള നിർണ്ണായക നീക്കമായാണ് ഈ കൂടിക്കാഴ്ചയെ ലോകം നോക്കിക്കാണുന്നത്. യുക്രൈനും അമേരിക്കയും ചേർന്ന് തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതി ഏകദേശം 90 ശതമാനവും പൂർത്തിയായതായി സെലെൻസ്‌കി വ്യക്തമാക്കി. ശേഷിക്കുന്ന കാര്യങ്ങളിൽ ഈ കൂടിക്കാഴ്ചയിലൂടെ അന്തിമ തീരുമാനമുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഭാവിയിൽ യുക്രൈന്റെ സുരക്ഷ ഉറപ്പാക്കാൻ സഖ്യരാജ്യങ്ങൾ എന്ത് നടപടികൾ സ്വീകരിക്കണം എന്നതിനെക്കുറിച്ച് ട്രംപുമായി സെലെൻസ്‌കി വിശദമായി ചർച്ച ചെയ്യും. പുതുവർഷത്തിന് മുൻപ് തന്നെ സമാധാന കാര്യത്തിൽ വലിയ തീരുമാനങ്ങൾ ഉണ്ടായേക്കാമെന്ന് സെലെൻസ്‌കി തന്റെ എക്സ് അക്കൗണ്ടിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.
സെലെൻസ്‌കി സമാധാനത്തിനായി ചില വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും, ഈ നിർദ്ദേശങ്ങൾ റഷ്യ അംഗീകരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന ഈ ചർച്ചകളിൽ റഷ്യയുടെ നിലപാട് അതിനിർണ്ണായകമാണ്. കൂടിക്കാഴ്ചയെക്കുറിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.














