15 വർഷത്തേക്ക് യുക്രൈൻ്റെ സുരക്ഷാ യുഎസ് ഉറപ്പാക്കണം, ട്രംപിന് മുന്നിൽവെച്ച ആവശ്യങ്ങൾ വെളിപ്പെടുത്തി സെലൻസ്‌കി, ആലോചിക്കാമെന്ന് പ്രസിഡൻ്റിൻ്റെ മറുപടി

കീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്‌ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയും തമ്മിൽ നടന്ന നിർണ്ണായക ചർച്ചകളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുദ്ധം അവസാനിപ്പിക്കുന്നതിനായി തയ്യാറാക്കിയ പുതിയ സമാധാന പദ്ധതി പ്രകാരം, അടുത്ത 15 വർഷത്തേക്ക് യുക്രെയ്‌നിന്റെ സുരക്ഷ അമേരിക്ക ഉറപ്പാക്കണമെന്ന നിർദ്ദേശമാണ് സെലൻസ്‌കി മുന്നോട്ടുവെച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകർക്ക് നൽകിയ ശബ്ദസന്ദേശങ്ങളിലൂടെയാണ് സെലൻസ്‌കി ചർച്ചകളുടെ പുരോഗതി വ്യക്തമാക്കിയത്.

സുരക്ഷാ ഉറപ്പുകളുടെ കാലാവധി 30 മുതൽ 50 വർഷം വരെയാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് താൻ ട്രംപിനോട് ആവശ്യപ്പെട്ടതായും ഇതിനെക്കുറിച്ച് ചിന്തിക്കാമെന്ന് ട്രംപ് മറുപടി നൽകിയതായും സെലൻസ്‌കി പറഞ്ഞു. ശക്തമായ സുരക്ഷാ ഉറപ്പുകളില്ലാതെ ഈ യുദ്ധം അവസാനിക്കില്ലെന്നും, ഈ കരാറുകൾക്ക് അമേരിക്കൻ കോൺഗ്രസിന്റെയും യുക്രെയ്‌ൻ പാർലമെന്റിന്റെയും അംഗീകാരം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, അന്താരാഷ്ട്ര സൈനികരുടെ സാന്നിധ്യം യുക്രെയ്‌നിൽ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമാധാന പദ്ധതിയിലെ ഇരുപത് പോയിന്റുകളിൽ രണ്ടെണ്ണത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. സപ്പോറീഷ്യ ആണവനിലയത്തിന്റെ നിയന്ത്രണം ആർക്കായിരിക്കുമെന്നതും റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശങ്ങളുമായി ബന്ധപ്പെട്ട തർക്കവുമാണ് ഇവ. കിഴക്കൻ ഡോൺബാസ് മേഖലയിൽ നിന്ന് യുക്രെയ്‌ൻ സൈന്യം പിൻവാങ്ങിയ ശേഷം അവിടെ ‘സ്വതന്ത്ര സാമ്പത്തിക മേഖല’ രൂപീകരിക്കാനുള്ള അമേരിക്കയുടെ നിർദ്ദേശത്തിൽ വ്യക്തമായ രൂപരേഖ ഇതുവരെ തയ്യാറായിട്ടില്ല.

ഈ സമാധാന പദ്ധതി നടപ്പിലാക്കുന്നതിന് മുൻപായി രാജ്യത്ത് പൊതുജനഹിതപരിശോധന നടത്തണമെന്നും സെലൻസ്‌കി പറഞ്ഞു. ഇതിനായി കുറഞ്ഞത് 60 ദിവസത്തെ വെടിനിർത്തൽ ആവശ്യമാണ്. ട്രംപും യൂറോപ്യൻ നേതാക്കളും പദ്ധതി അംഗീകരിച്ചാൽ മാത്രമേ റഷ്യൻ പ്രതിനിധികളുമായി ചർച്ചയ്ക്ക് തയ്യാറാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide