
കീവ്: യൂറോപ്യൻ നേതാക്കളുമായും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും നടത്തിയ ചർച്ചകൾക്ക് ശേഷം നിലപാട് വ്യക്തമാക്കി യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി. ആദ്യം വെടിനിർത്തൽ ഉണ്ടാകണം, അതിനുശേഷം യഥാർത്ഥ സുരക്ഷാ ഉറപ്പുകൾ നൽകണം. പ്രസിഡന്റ് ട്രംപ് അതിന് പിന്തുണ അറിയിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായുള്ള തന്റെ വ്യവസ്ഥകളെക്കുറിച്ച് സംസാരിച്ച സെലെൻസ്കി, യുക്രൈനെ സംബന്ധിച്ച് യൂറോപ്യൻ അല്ലെങ്കിൽ നാറ്റോ കാഴ്ചപ്പാടുകൾക്ക് റഷ്യക്ക് വീറ്റോ അധികാരം ഉണ്ടായിരിക്കരുതെന്നും കൂട്ടിച്ചേർത്തു.
യുക്രൈനും അവരുടെ യൂറോപ്യൻ സഖ്യകക്ഷികളും ആഗ്രഹിക്കുന്നത് ഒന്നുമാത്രമാണ്. അത് യുക്രൈനിൽ സമാധാനം, യൂറോപ്പിൽ സമാധാനം എന്നത് മാത്രമാണെന്നും സെലെൻസ്കി ആവർത്തിച്ചു. റഷ്യ അലാസ്കയിൽ ഒരു വെടിനിർത്തലിന് തയ്യാറാകുന്നില്ലെങ്കിൽ ഉപരോധങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പുടിൻ വെറുതെ പറയുകയാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും, ഉപരോധങ്ങൾ റഷ്യയുടെ യുദ്ധ സമ്പദ്‌വ്യവസ്ഥയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. പുടിൻ തീർച്ചയായും സമാധാനം ആഗ്രഹിക്കുന്നില്ല. അദ്ദേഹം യുക്രൈൻ പിടിച്ചടക്കാൻ ആഗ്രഹിക്കുന്നു. പുടിന് ആരെയും പറ്റിക്കാൻ കഴിയില്ലെന്നും സെലെൻസ്കി വ്യക്തമാക്കി.