
ന്യൂഡൽഹി : റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുക്രെയ്ൻ സന്ദർശിക്കാൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ക്ഷണിച്ചു. ഡിസംബർ 28-ന് ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഈ ക്ഷണം ഉണ്ടായിരിക്കുന്നത്.
ട്രംപ് യുക്രെയ്ൻ സന്ദർശിക്കുന്നത് രാജ്യത്തിന് ഗുണകരമാകുമെന്നും, യുദ്ധം അവസാനിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പദ്ധതികൾക്ക് അത് കൂടുതൽ കരുത്തേകുമെന്നും സെലെൻസ്‌കി പറഞ്ഞു. ട്രംപ് പോളണ്ട് വഴി ട്രെയിനിൽ വരുന്നതിനേക്കാൾ നേരിട്ട് വിമാനത്തിൽ യുക്രെയ്നിൽ ഇറങ്ങുന്നതാണ് അഭികാമ്യമെന്ന് സെലെൻസ്‌കി അഭിപ്രായപ്പെട്ടു. ഇത് മേഖലയിൽ വെടിനിർത്തൽ ഉറപ്പാക്കാൻ സഹായിക്കുമെന്നും സെലൻസ്കി വിശ്വസിക്കുന്നു.
“അദ്ദേഹത്തെ കാണാൻ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അത് യുക്രെയ്‌നിന് വളരെ ഉപയോഗപ്രദമാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുക്രെയ്‌നിലേക്ക് പറക്കുകയാണെങ്കിൽ, പോളണ്ടിലേക്കല്ല, ഉക്രെയ്‌നിലേക്ക് അദ്ദേഹം വിമാനത്തിൽ പറക്കുന്നത് അഭികാമ്യമാണെങ്കിൽ, വെടിനിർത്തൽ പ്രതീക്ഷിക്കാൻ നമുക്ക് തീർച്ചയായും അവസരമുണ്ടെന്ന് ഇത് സൂചിപ്പിക്കും,” സെലെൻസ്‌കി പറഞ്ഞു.
അതേസമയം, സമാധാനം കൈവരിക്കാൻ സഹായിക്കുമെങ്കിൽ യുക്രെയ്ൻ പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ താൻ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, നിലവിൽ യുക്രെയ്ൻ സന്ദർശിക്കാൻ ട്രംപിന് പദ്ധതികളില്ലെങ്കിലും ഇതിനുള്ള സാധ്യത അദ്ദേഹം തള്ളിക്കളഞ്ഞില്ല.
യുദ്ധം അവസാനിപ്പിക്കാനുള്ള 20 ഇന സമാധാന പദ്ധതിയിൽ ഇരു നേതാക്കളും ഏകദേശം 90-95 ശതമാനം ധാരണയിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഡോൺബാസ് മേഖലയുടെ പദവി പോലുള്ള തർക്കവിഷയങ്ങളിൽ ഇനിയും തീരുമാനമാകാനുണ്ട്. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും ഫോണിൽ സംസാരിച്ചിരുന്നു. അടുത്ത ഘട്ടമെന്ന നിലയിൽ ജനുവരിയിൽ യൂറോപ്യൻ നേതാക്കളുമായും ട്രംപുമായും ചേർന്ന് വീണ്ടും ചർച്ചകൾ നടത്താൻ സാധ്യതയുണ്ട്.
Zelensky says war will end if Trump visits Ukraine














