
ബ്രസ്സൽസ്: റഷ്യയുടെ രണ്ട് പ്രധാന എണ്ണക്കമ്പനികൾക്കെതിരായ യുഎസ് ഉപരോധം വളരെ പ്രധാനപ്പെട്ട നടപടിയാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി. ട്രംപ് ഭരണകൂടത്തിന്റെ റഷ്യയോടുള്ള നിലപാടിൽ ശ്രദ്ധേയമായ മാറ്റം ഈ നീക്കത്തിൽ കാണാം. യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഉച്ചകോടിക്ക് മുൻപ് ബ്രസ്സൽസിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സെലൻസ്കി ഇങ്ങനെ പറഞ്ഞത്. റഷ്യയെ ചർച്ചാടേടിയിലേക്ക് എത്തിക്കാൻ മോസ്കോയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ച ഉപരോധങ്ങൾ റഷ്യൻ എണ്ണക്കമ്പനികളായ റോസ്നെഫ്റ്റിനെയും ലുക്കോയിലിനെയുമാണ് ലക്ഷ്യമാക്കിയത്. യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ മോസ്കോയോട് ഉടൻ വെടിനിർത്തലിന് സമ്മതിക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നതിനിടെയാണ് ഈ ഉപരോധം വന്നത്. യുക്രൈൻ യുദ്ധം തുടരുന്നതിനെതിരെ റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആഴ്ചകളായി സൂചിപ്പിച്ചിരുന്നെങ്കിലും, ഇതുവരെ വലിയ ശിക്ഷകൾ നടപ്പാക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.













