
റഷ്യൻ ആക്രമണത്തിനെതിരെ യുക്രെയ്നിന് നൽകിയ പിന്തുണയോട് നന്ദി കാട്ടിയില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനത്തോട് പ്രതികരിച്ച് പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി രംഗത്ത്. തനിക്കും രാജ്യത്തിനും നൽകിയ എല്ലാ സഹായങ്ങൾക്കും യുഎസിനോട് ഒരുപാട് നന്ദിയുണ്ടെന്ന് സെലൻസ്കി വ്യക്തമാക്കി. യുക്രെയ്നിന് ഒരിക്കലും യുദ്ധം ആഗ്രഹിച്ചിരുന്നില്ലെന്നും സമാധാനത്തിന് തടസമാകില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഫലപ്രദമാണെന്നും എല്ലാം സാധ്യമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു.
നേരത്തെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെയായിരുന്നു ട്രംപ് തന്റെ വിമർശനങ്ങൾ പങ്കുവെച്ചത്. യുഎസിലും യുക്രെയ്നിലും ശക്തമായ നേതൃത്വമുണ്ടായിരുന്നെങ്കിൽ ഈ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജോ ബൈഡന്റെ ഭരണകാലത്താണ് റഷ്യ-യുക്രെയ്ന് യുദ്ധം ആരംഭിച്ചതെന്നും 2020 തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നില്ലായിരുന്നെങ്കിൽ ഇത്തരമൊരു ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. യുക്രെയ്നിന്റെ നേതൃത്വം യുഎസിന്റെ പരിശ്രമങ്ങളോട് നന്ദികേട് കാണിക്കുന്നുവെന്നും യൂറോപ്പ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
സെലൻസ്കിയുടെ പ്രതികരണത്തിൽ യുദ്ധത്തിന്റെ ദുരന്തങ്ങളെക്കുറിച്ചുള്ള വേദന പ്രകടമാണ്. എല്ലാവരും പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും ഉപദേശങ്ങൾ നൽകുന്നുവെന്നും പറഞ്ഞ അദ്ദേഹം, യുക്രെയ്നിന് സഹായം നൽകുന്ന ഓരോരുത്തരോടും നന്ദിയുള്ളവനാണെന്ന് ആവർത്തിച്ചു. വിശ്വസനീയമായ സമാധാനം, ഉറപ്പുള്ള സുരക്ഷ, ജനങ്ങളോടുള്ള ബഹുമാനം, റഷ്യൻ ആക്രമണത്തിൽ ജീവൻ നൽകിയവരോടുള്ള ആദരം എന്നിവയാണ് പ്രഥമ പരിഗണനകളെന്ന് സെലൻസ്കി വ്യക്തമാക്കി. ശരിയായ നടപടികൾ സ്വീകരിക്കുന്നതിനാൽ ഫലപ്രാപ്തി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജെനീവയിൽ നടക്കുന്ന സമാധാന ചർച്ചകൾ ശുഭപ്രതീക്ഷയോടെ മുന്നോട്ട് പോകുന്നുവെന്ന് യുഎസ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. യുക്രെയ്നിന്റെ പരമാധികാരം നിലനിർത്തിക്കൊണ്ടുള്ള ആവശ്യങ്ങൾക്കൊപ്പം ട്രംപിന്റെ നിർദേശങ്ങളും ചർച്ചകളിൽ പരിഗണിക്കപ്പെടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ചർച്ചകൾ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിനുള്ള പ്രധാന ഘട്ടമായി വിലയിരുത്തപ്പെടുന്നു.














