
ന്യൂയോര്‍ക്ക് : ചരിത്രം കുറിച്ചുകൊണ്ടാണ് 34 കാരന്‍ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറുടെ കസേരയിലേക്ക് എത്തുന്നത്. ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലീം മേയറുമായ മംദാനിക്ക് ഇന്ന് ആഘോഷരാവാണ്. ബോളിവുഡ് ചിത്രമായ ‘ധൂം’ ലെ ടൈറ്റില്‍ ട്രാക്കായ ‘ധൂം മച്ചാലെ’ എന്ന ഗാനം പിന്നണിയില്‍ പ്ലേ ചെയ്തുകൊണ്ടാണ് തന്റെ ചരിത്രവിജയം ആഘോഷിക്കാന്‍ മംദാനി എത്തിയത്. പശ്ചാത്തലത്തില്‍ ഗാനം പ്ലേ ചെയ്യുമ്പോള്‍, മംദാനി തന്റെ ആരാധകര്‍ക്ക് നേരെ കൈവീശി, തുടര്‍ന്ന് ഭാര്യ രാമ ദുവാജിയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു.
വേദിയിലേക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കളായ ഉഗാണ്ടന്‍ പണ്ഡിതന്‍ മഹ്‌മൂദ് മംദാനിയും ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീര നായരും എത്തിയതോടെ മംദാനിയുടെ മുഖത്ത് സന്തോഷം ഇരട്ടിയായി. പ്രതീക്ഷിച്ച വിജയം കൈപ്പിടിയിലൊതുക്കിയ മംദാനിയുടെ വിജയാഘോഷത്തില്‍ ‘ധൂം മച്ചാലെ’ പ്ലേ ചെയ്യുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ തരംഗമാകാന്‍ അധികസമയം വേണ്ടിവന്നില്ല.
Zohran Mamdani closes victory speech as mayor of New York to Dhoom Machale. This is like a Bollywood movie in real life 😭🔥 pic.twitter.com/2M9ic2wazO
— sohom (@AwaaraHoon) November 5, 2025
മംദാനിയുടെ വിജയാഘോഷത്തില്‍ ഇന്ത്യന്‍ സംഗീതത്തിനു മാത്രമല്ല, ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനുമുണ്ടായിരുന്നു ഒരിടം. സൊഹ്റാന്‍ മംദാനി തന്റെ വിജയ പ്രസംഗത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ പരാമര്‍ശിച്ചു.
1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ് നെഹ്റുവിന്റെ ചരിത്രപ്രധാനമായ ‘ട്രിസ്റ്റ് വിത്ത് ഡെസ്റ്റിനി’ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മംദാനി തന്റെ വിജയ പ്രസംഗം നടത്തിയത്. 1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്‌റു നടത്തിയ പ്രസംഗം ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ ഉദയം കുറിക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍, അത്തരത്തിലൊരു പുതിയ തുടക്കത്തെ ഹൃദയത്തിലേറ്റിയായിരുന്നു മംദാനിയും സംസാരിച്ചത്.
‘നിങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍, ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകളെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു.
“പഴയതിൽ നിന്ന് പുതിയതിലേക്ക് നമ്മൾ ചുവടുവെക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, വളരെക്കാലം അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തിൽ സംസാരിക്കുമ്പോൾ, ചരിത്രത്തിൽ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം വരുന്നു…” നെഹ്റുവിന്റെ വാക്കുകള്‍ പ്രതിധ്വനിപ്പിച്ച് മംദാനി പറഞ്ഞു. നമ്മള്‍ ധൈര്യത്തോടെ നയിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട്, വിജയം ന്യൂയോര്‍ക്കിന് ഒരു പുതിയ യുഗത്തെ പ്രതീകപ്പെടുത്തുന്നുവെന്ന് മംദാനി പറഞ്ഞു. ‘നമ്മള്‍ ശ്രമിക്കാന്‍ വളരെ മടിയന്മാരാകുന്നതിന് ഒഴികഴിവുകളുടെ പട്ടികയ്ക്ക് പകരം, നമ്മള്‍ എന്ത് നേടും എന്നതിനെക്കുറിച്ചുള്ള ധീരമായ ഒരു ദര്‍ശനം ന്യൂയോര്‍ക്കുകാര്‍ അവരുടെ നേതാക്കളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു യുഗമായിരിക്കും ഇത്,’ മംദാനി കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കിലെ ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ മേയര്‍, ന്യൂയോര്‍ക്കിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍, ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലീം മേയര്‍, ആഫ്രിക്കയിൽ ജനിച്ച ആദ്യ മേയർ എന്നിങ്ങനെയുള്ള സവിശേഷതകളും വഹിച്ചാണ് മംദാനി ന്യൂയോര്‍ക്കിന്റെ ജനഹൃദയങ്ങളില്‍ സ്ഥാനം ഉറപ്പിക്കുന്നത്. മംദാനി വിജയിച്ചാല്‍ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറല്‍ സഹായം നിലച്ചേക്കുമെന്നും ട്രംപ് വോട്ടെടുപ്പിന് തൊട്ടു മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ട്രംപിൻ്റെ വാക്കുകൾക്ക് മംദാനിയുടെ വിജയത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല.
Zohran Mamdani Quotes Jawaharlal in victory speech, Played Dhoom machale in background.










