
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർത്ഥിയും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമായ സൊഹ്റാൻ മാംദാനി, ഭാര്യ രമ ദുവാജിയുമായി നടത്തിയ വിവാഹവിരുന്ന് വലിയ ചർച്ചയാകുന്നു. ഇവർ മൂന്ന് ദിവസത്തെ ആഡംബര ആഘോഷം നടത്തിയത് യുഗാണ്ടയിലെ ബുസിഗ ഹില്ലിലുള്ള കുടുംബത്തിന്‍റെ സ്വകാര്യ എസ്റ്റേറ്റിൽ ആയിരുന്നു.
വിരുന്ന് അതീവ രഹസ്യമായാണ് നടന്നത്.
20-ലധികം സൈനിക ശൈലിയിലുള്ള സുരക്ഷാസേനാംഗങ്ങളും, പല സുരക്ഷാ ഗേറ്റുകളും, ഫോൺ ജാമിംഗും ഒരുക്കിയിരുന്നു. 33-കാരനായ മാംദാനിയും 27-കാരിയായ കലാകാരിയും ആനിമേറ്ററുമായ രമയും ഫെബ്രുവരിയിൽ ദുബായിൽ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. തുടർന്ന് ന്യൂയോർക്കിൽ ഒരു സിവിൽ വിവാഹവുമുണ്ടായിരുന്നു.
വിവാഹാഘോഷം നടക്കുന്ന സമയത്ത്, സമീപവാസിയായ മുൻ യുഗാണ്ടൻ സുപ്രീം കോടതി ജഡ്ജി ജോർജ് കന്യേഹാംബയുടെ മരണത്തെ തുടർന്ന് പ്രദേശം ദുഃഖത്തിലായിരുന്നു. ഈ സാഹചര്യത്തിൽ ആഘോഷം നടത്തിയത് ശരിയായില്ലെന്നാണ് വിമർശനം ഉയരുന്നത്.
വിരുന്നിന് അതിഥികൾ ആഡംബര വാഹനങ്ങളിൽ എത്തിയിരുന്നു. എസ്റ്റേറ്റിൽ ക്രിസ്മസ് ലൈറ്റുകൾ, ഫ്രൂട്ട് ജ്യൂസ് സ്റ്റേഷനുകൾ, ഡിജെ സംഗീതം എന്നിവ ഒരുക്കിയിരുന്നു. ആഘോഷം ഒരു ‘പാർട്ടി പാഡ്’ ആയി മാറി. പോലീസ് ഫണ്ടിംഗ് കുറയ്ക്കൽ, വാടക നിയന്ത്രണം തുടങ്ങിയ നിലപാടുകൾ വ്യക്തമാക്കിയ മാംദാനിക്ക് ഈ ആഘോഷം “ഷാംപെയ്ൻ സോഷ്യലിസ്റ്റ്” എന്നറിയപ്പെടുന്ന വിമർശനങ്ങൾക്കും ഇടയാക്കി.