
ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ ലാവോ പുതുവത്സരാഘോഷത്തിനിടെ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റി മദ്യപിച്ചെത്തിയ ഡ്രൈവർ. ശനിയാഴ്ച നടന്ന പരേഡിനിടെയുണ്ടായ അപകടത്തിൽ 13 പേർക്ക് പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ജീനറെറ്റ് സ്വദേശിയായ 57 കാരൻ ടോഡ് ലാൻഡ്രിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐബീരിയ പാരിഷിൽ നടന്ന ആഘോഷ പരേഡിനിടെയാണ് നിയന്ത്രണം വിട്ട വാഹനം കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയത്. പരുക്കേറ്റവരിൽ 11 പേരെ ആംബുലൻസിലും രണ്ടുപേരെ ഹെലികോപ്റ്റർ മാർഗ്ഗവും ആശുപത്രിയിലെത്തിച്ചു. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടസമയത്ത് ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി പരിശോധനയിൽ തെളിഞ്ഞു.
അശ്രദ്ധമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, ഗതാഗത നിയമ ലംഘനം തുടങ്ങി 18 ഓളം വകുപ്പുകൾ ചുമത്തിയാണ് ലൂസിയാന സ്റ്റേറ്റ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇത് ബോധപൂർവം ചെയ്ത ഒരു അക്രമ സംഭവമല്ലെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് വ്യക്തമാക്കി.
അപകടത്തെത്തുടർന്ന് ശനിയാഴ്ച രാത്രിയിൽ നിശ്ചയിച്ചിരുന്ന സംഗീത പരിപാടികൾ സംഘാടകർ റദ്ദാക്കി. ബുദ്ധമത കലണ്ടർ പ്രകാരമുള്ള ലാവോ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചിരുന്നത്. സംഭവത്തിൽ ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രി നടുക്കം രേഖപ്പെടുത്തുകയും പരുക്കേറ്റവർക്കായി പ്രാർത്ഥിക്കുന്നതായി അറിയിക്കുകയും ചെയ്തു.
13 injured after vehicle plows into crowd during Lao New Year celebrations in Louisiana; drunk driver arrested















