വർഗീയതയ്ക്കും ലഹരിക്കുമെതിരെ ശക്തമായ താക്കീതുമായി 131-ാമത് മാരാമൺ കൺവെൻഷൻ; ജെ.ബി കോശി റിപ്പോർട്ട് നടപ്പാക്കണമെന്ന് മാർത്തോമ്മ സഭ അധ്യക്ഷൻ

ലോകപ്രശസ്തമായ മാരാമൺ കൺവെൻഷന്റെ 131-ാം പതിപ്പിന് പമ്പാതീരത്ത് ആവേശകരമായ തുടക്കമായി. മാർത്തോമ്മ സഭ അധ്യക്ഷൻ തീയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം, വർഗീയ മഹാമാരിയിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ എല്ലാവരും കൈകോർക്കണമെന്ന് ആഹ്വാനം ചെയ്തു. മണിപ്പൂർ ഇപ്പോഴും കടുത്ത ആശങ്കയിലാണെന്നും ഒഡീഷയിലേത് പോലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പോലും ക്രിസ്മസ് ദിനത്തിൽ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് ഗൗരവകരമാണെന്നും ദലിതർക്കും നിരാലംബർക്കും തുല്യനീതി ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ലഹരി വ്യാപനത്തെയും മദ്യനയത്തെയും രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. കേരളത്തിൽ മദ്യവില്പന കുതിച്ചുയരുകയാണെന്നും ബാറുകളുടെ എണ്ണം വർദ്ധിക്കുന്നത് യുവതലമുറയെ അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാസലഹരി കേസുകൾ വർദ്ധിക്കുമ്പോഴും അത് തടയേണ്ടവർ നിഷ്ക്രിയരായിരിക്കുകയാണ്. ലഹരിയുടെ ഉപയോഗം മൂലം കുട്ടിക്കുറ്റവാളികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അധ്യാപകർ പോലും വിദ്യാർത്ഥികളെ ഭയപ്പെടുന്ന അവസ്ഥയാണുള്ളത്. ഓൺലൈൻ മാധ്യമങ്ങളുടെ ലാഭേച്ഛയിലധിഷ്ഠിതമായ പ്രവർത്തനങ്ങളെയും അദ്ദേഹം വിമർശിച്ചു. ലൈക്കുകൾക്കും വ്യൂസിനും വേണ്ടി എന്തും ചെയ്യുന്ന രീതി ദീപക് എന്ന യുവാവിന്റെ മരണത്തിന് കാരണമായ സാഹചര്യം അദ്ദേഹം സ്മരിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് കാലത്ത് വോട്ടവകാശം ജാഗ്രതയോടെ വിനിയോഗിക്കണമെന്നും മതവർഗീയവാദത്തെ എതിർക്കുന്നവരെയും വിമർശനങ്ങൾ കേൾക്കാൻ തയ്യാറുള്ളവരെയുമാണ് അധികാരത്തിലേറ്റേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ ഇച്ഛാശക്തി കാട്ടണമെന്ന് സഭാ അധ്യക്ഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിലെ ശുപാർശകൾ ഇനിയെങ്കിലും പുറത്തുവിടാൻ സർക്കാർ തയ്യാറാകണം. മത അധ്യാപകർക്കായി ക്ഷേമനിധി രൂപീകരിക്കാനുള്ള സർക്കാർ നീക്കം സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള പിൻവാതിൽ നീക്കമാകരുത്. ജനാധിപത്യം ഏകാധിപത്യത്തിന് വഴിമാറരുത് എന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, സഭയുടെ സംവിധാനങ്ങളിലേക്ക് സർക്കാരിന്റെ അനാവശ്യ ഇടപെടൽ ഉണ്ടാകരുതെന്ന് നിലപാട് വ്യക്തമാക്കി. തിരുവല്ലയിലെ സ്പാ കേന്ദ്രത്തിലെ ബലാത്സംഗ വാർത്തയെയും അദ്ദേഹം അപലപിച്ചു. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന വരികൾ ഉദ്ധരിച്ചുകൊണ്ട് വോട്ടും ശബ്ദവും ദൈവരാജ്യ മൂല്യങ്ങളാൽ നയിക്കപ്പെടണമെന്നും അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

More Stories from this section

family-dental
witywide