ന്യൂയോർക്ക് സെൻട്രൽ പാർക്കിൽ കുതിരവണ്ടി മറിഞ്ഞ് ഇന്ത്യൻ വംശജനായ 18-കാരൻ മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ പ്രശസ്തമായ ന്യൂയോർക്ക് സെൻട്രൽ പാർക്കിൽ നിയന്ത്രണം വിട്ട കുതിരവണ്ടി മറിഞ്ഞുണ്ടായ അപകടത്തിൽ 18 വയസ്സുള്ള ഇന്ത്യൻ വംശജനായ വിനോദസഞ്ചാരി മരിച്ചു. കുടുംബത്തോടൊപ്പം നഗരം സന്ദർശിക്കാനെത്തിയ രോമാഞ്ച് മഹാജൻ എന്ന യുവാവാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2:47-ഓടെയായിരുന്നു സംഭവം. വണ്ടിയിലുണ്ടായിരുന്ന യാത്രക്കാരുടെ ചിത്രം പകർത്താനായി ഡ്രൈവർ വണ്ടിയിൽ നിന്നും മാറിയ സമയത്താണ് കുതിര പെട്ടെന്ന് മുന്നോട്ട് കുതിച്ചുപാഞ്ഞത്. നിയന്ത്രണം വിട്ട വണ്ടി സമീപത്തുണ്ടായിരുന്ന മറ്റൊരു കുതിരവണ്ടിയുടെ ചക്രത്തിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. വണ്ടിയിൽ നിന്ന് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ റോമാഞ്ചിനെ ഉടൻ തന്നെ ന്യൂയോർക്ക്-പ്രസ്ബിറ്റേറിയൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടമുണ്ടാക്കിയ കുതിരയെ പാർക്കിൽ എത്തിച്ചിട്ട് ആറാഴ്ച മാത്രമേ ആയിരുന്നുള്ളൂ എന്ന് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ അറിയിച്ചു. സംഭവത്തെ തുടർന്ന് വണ്ടിയുടെ ഡ്രൈവറെ ഉടമസ്ഥൻ അനിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു. അപകടത്തിൽപ്പെട്ട കുതിരയെ സർവീസിൽ നിന്ന് ഒഴിവാക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തിൻ്റെ പശ്ചാത്തലത്തിൽ സെൻട്രൽ പാർക്കിലെ പരമ്പരാഗത കുതിരവണ്ടി സവാരികൾ പൂർണ്ണമായി നിരോധിക്കണമെന്ന ആവശ്യവുമായി സെൻട്രൽ പാർക്ക് കൺസർവൻസി രംഗത്തെത്തിയിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇത്തരം കാലഹരണപ്പെട്ട വ്യവസായങ്ങൾ തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ 13 മാസത്തിനിടെ പാർക്കിൽ കുതിരവണ്ടികളുമായി ബന്ധപ്പെട്ട് എട്ടോളം അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എട്ട് ദിവസങ്ങൾക്ക് മുൻപ് ജൂൺ 9-ന്, പാർക്കിൽ സവാരി നടത്തുന്നതിനിടയിൽ ‘ഡെനിസ്’ എന്ന മറ്റൊരു കുതിര തളർന്നു വീണ് ചത്തിരുന്നു. റോഡരികിലെ വിഷച്ചെടി തിന്നതാണ് ഈ കുതിരയുടെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.

അതേസമയം, കുതിരവണ്ടികൾ നിരോധിക്കുന്നതിനെ ഡ്രൈവർമാരുടെ സംഘടനയായ ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ എതിർത്തു. പകരം ഡ്രൈവർമാർക്ക് കൂടുതൽ കർശനമായ പരിശീലനവും പരീക്ഷകളും ഏർപ്പെടുത്തണമെന്നും, പുതിയ കുതിരകളെ കൊണ്ടുവരുന്നതിന് കർശന നിയമങ്ങൾ വേണമെന്നുമാണ് യൂണിയൻ്റെ നിലപാട്. കൗമാരക്കാരൻ്റെ ദാരുണ മരണത്തിൽ ന്യൂയോർക്ക് സിറ്റി കൗൺസിൽ സ്പീക്കർ ജൂലി മെനിൻ ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

18-year-old Indian-origin man dies after horse-drawn carriage overturns in New York’s Central Park

More Stories from this section

family-dental
witywide