
വാഷിംഗ്ടൺ: അമേരിക്കയിലെ ഇല്ലിനോയിയിലുള്ള ഹിന്ദു ക്ഷേത്രത്തിൽ കൂട്ടവെടിവെപ്പ് നടത്താൻ പദ്ധതിയിട്ട പത്തൊൻപതുകാരൻ പൊലീസ് പിടിയിൽ. ഇല്ലിനോയിയിലെ പാലറ്റൈൻ സ്വദേശിയായ അലക്സാൻഡ്രോസ് പാപ്പൊരാക്കിസ് ആണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് മാരകായുധങ്ങളും വെളുത്ത വർഗ്ഗക്കാരുടെ മേധാവിത്വ ചിന്താഗതികൾ വ്യക്തമാക്കുന്ന പ്രകടനപത്രികയും പൊലീസ് കണ്ടെടുത്തു. ഇന്ത്യൻ വംശജർക്കെതിരെ അക്രമം നടത്താനുള്ള ആഹ്വാനങ്ങൾ ഇതിലുണ്ടായിരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ 11-നാണ് പാപ്പൊരാക്കിസിനെ പാലറ്റൈൻ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഭാഗത്തുനിന്നുണ്ടായ സംശയകരമായ സന്ദേശങ്ങളെക്കുറിച്ച് മൗണ്ട് പ്രോസ്പെക്ട് പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്. കൂട്ടവെടിവെപ്പിന്റെ പദ്ധതി വ്യക്തമാക്കുന്ന രേഖകളും റൈഫിൾ, വെടിയുണ്ടകൾ, ബോഡി കവചങ്ങൾ എന്നിവയുടെ ചിത്രങ്ങളും ഇയാൾ മറ്റൊരാൾക്ക് അയച്ചിരുന്നു. തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്.
അറോറ മേഖലയിലെ ഒരു ഹിന്ദു ആരാധനാലയമാണ് പ്രതി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഏത് ക്ഷേത്രമാണ് ആക്രമിക്കാൻ ഉദ്ദേശിച്ചതെന്ന് കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു റൈഫിൾ, വെടിയുണ്ടകൾ നിറഞ്ഞ മാഗസിനുകൾ, നൂറുകണക്കിന് റൗണ്ട് വെടിയുണ്ടകൾ, ബോഡി കവചങ്ങൾ, വെളുത്ത വർഗ്ഗക്കാരുടെ മേധാവിത്വ സംഘടനകളുടെ ചിഹ്നമുള്ള ബാഡ്ജ് എന്നിവ പൊലീസ് കണ്ടെടുത്തു. തീവ്രവാദ ഭീഷണി മുഴക്കൽ, നിയമവിരുദ്ധമായി മാരകായുധം കൈവശം വെക്കൽ എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. യുഎസ് കേന്ദ്ര അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ യുമായി ചേർന്നാണ് പ്രാദേശിക പൊലീസ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, പൊലീസിന്റെ സമയബന്ധിതമായ ഇടപെടലിനെ ഷിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് അഭിനന്ദിച്ചു. ഇന്ത്യൻ സമൂഹവുമായി ചേർന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് കോൺസുലേറ്റ് വ്യക്തമാക്കി. സംഭവത്തിൽ ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി കടുത്ത നടുക്കം രേഖപ്പെടുത്തി. ശ്വേത മേധാവിത്വ വിഷത്തിനെതിരെയും വംശീയ അധിക്ഷേപങ്ങൾക്കെതിരെയും ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഏത് വിഭാഗത്തിനും ഭയമില്ലാതെ ആരാധന നടത്താനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
19-year-old arrested in the US for plotting a massacre at a Hindu temple in Illinois.















