‘ഇന്ത്യക്കാരെ കൊല്ലാൻ കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19 കാരനെതിരെ ഭീകരവാദ കുറ്റം ചുമത്തി

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപമുള്ള പ്രശസ്തമായ ഹിന്ദു ക്ഷേത്രത്തിന് നേരെ വൻ കൂട്ടവെടിവെപ്പ് നടത്താൻ പദ്ധതിയിട്ട പത്തൊൻപതുകാരനെ ഇല്ലിനോയി പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെ ഭീകരവാദ കുറ്റം ചുമത്തി. പാലറ്റൈൻ സ്വദേശിയായ അലക്സാണ്ട്രോസ് പാപൊരാക്കിസ് (19) ആണ് പിടിയിലായത്. അറസ്റ്റിന് പിന്നാലെ പ്രതിക്കെതിരെ ഭീകരവാദ ഭീഷണി മുഴക്കൽ, മാരകായുധം അനധികൃതമായി കൈവശം വെക്കൽ തുടങ്ങിയ അതീവ ഗുരുതരമായ ഭീകരവാദ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ഒക്ടോബർ 11-ാം തീയതി ഞായറാഴ്ച ഔറോറയിലെ ശ്രീ വെങ്കിടേശ്വര സ്വാമി (ബാലാജി) ക്ഷേത്രത്തിലാണ് ഇയാൾ ചോരപ്പുഴ ഒഴുക്കാൻ ലക്ഷ്യമിട്ടത്. പ്രതി ജോലി ചെയ്യുന്ന ‘ടാക്കോ ബെൽ’ റെസ്റ്റോറന്റിലെ സഹപ്രവർത്തകന് അയച്ച ക്രൂരമായ സന്ദേശങ്ങളാണ് വൻ ദുരന്തം ഒഴിവാക്കാൻ സഹായിച്ചത്.

“ഇന്ത്യക്കാരെ കൊന്നൊടുക്കാൻ എനിക്ക് ഇനി കാത്തിരിക്കാനാവില്ല” എന്ന് പാപൊരാക്കിസ് സഹപ്രവർത്തകനോട് പറഞ്ഞിരുന്നു. ആക്രമണം നടത്താൻ നിശ്ചയിച്ച ഞായറാഴ്ച ഒരു “പ്രത്യേക ദിവസം” ആയിരിക്കുമെന്നും ഇയാൾ സന്ദേശമയച്ചു. തുടർന്ന് ഭയന്നുപോയ സഹപ്രവർത്തകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

അന്വേഷണത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:25ഓടെ പാപൊരാക്കിസിന്റെ ചുവന്ന അക്യൂറ കാർ ക്ഷേത്രത്തിന്റെ പാർക്കിംഗ് മൈതാനത്ത് പ്രവേശിച്ചതായും 15 മിനിറ്റോളം അവിടെ തുടർന്നതായും പൊലീസ് കണ്ടെത്തി. ആക്രമണ സമയത്ത് തോക്ക് ജാമായതിനെ തുടർന്നാണ് താൻ അവിടെനിന്ന് പെട്ടെന്ന് രക്ഷപ്പെട്ടതെന്നും, വീണ്ടും ആക്രമണത്തിന് മുതിരുമെന്നും പ്രതി പിന്നീട് സഹപ്രവർത്തകന് അയച്ച സന്ദേശത്തിൽ സമ്മതിച്ചിട്ടുണ്ട്. ആയുധത്തിന്റെ വീഡിയോയും താൻ ടാക്റ്റിക്കൽ വെസ്റ്റ് ധരിച്ചുനിൽക്കുന്ന ചിത്രവും ഇയാൾ അയച്ചിരുന്നു. യുഎസ് കോൺഗ്രസ് പ്രതിനിധിയായ രാജാ കൃഷ്ണമൂർത്തിയും കുടുംബവും ഈ സമയത്ത് ക്ഷേത്രത്തിൽ ആരാധനയ്‌ക്കെത്തിയിട്ടുണ്ടായിരുന്നു.

പ്രതിയുടെ വീട്ടിൽ പൊലീസ് നടത്തിയ തിരച്ചിലിൽ സീരിയൽ നമ്പർ ഇല്ലാത്തതും രൂപമാറ്റം വരുത്തിയതുമായ എആർ-സ്റ്റൈൽ റൈഫിൾ, 300 ഓളം റൗണ്ട് വെടിയുണ്ടകൾ, ലോഡ് ചെയ്ത മാഗസിനുകൾ, ബോഡി അർമർ എന്നിവ കണ്ടെടുത്തു. ഇതുകൂടാതെ നാസി ചിഹ്നമുള്ള പാച്ചും, ദക്ഷിണേഷ്യക്കാരെ അധിക്ഷേപിക്കുന്ന വാക്കുകൾ എഴുതിയ ഗ്യാസ് കാനിസ്റ്ററും കണ്ടെത്തിയിട്ടുണ്ട്.

താൻ ഒരു തീവ്ര വലതുപക്ഷ വംശീയവാദിയും നവ നാസിയുമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന എട്ടുപേജുള്ള ഒരു മാനിഫെസ്റ്റോയും ഇയാളുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. “വൈ ഐ ഫോട്ട്” എന്ന് പേരിട്ടിരിക്കുന്ന ഈ രേഖയിൽ ദക്ഷിണേഷ്യക്കാർക്കും ഇന്ത്യൻ വംശജർക്കും എതിരെ ക്രൂരമായ അധിക്ഷേപങ്ങളും പരമാവധി ആളുകളെ കൂട്ടക്കൊല ചെയ്യാനുള്ള പദ്ധതികളും വിവരിച്ചിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യമില്ലാതെ റിമാൻഡ് ചെയ്തു. ഒക്ടോബർ 30-നാണ് കേസിൽ അടുത്ത വാദം കേൾക്കൽ. സംഭവത്തെ വെറുപ്പിന്റെ അടിസ്ഥാനത്തിലുള്ള വംശീയ കുറ്റകൃത്യമായി കണ്ട് ഫെഡറൽ തലത്തിൽ എഫ്.ബി.ഐ അന്വേഷിക്കണമെന്ന് യുഎസ് പ്രതിനിധി രാജാ കൃഷ്ണമൂർത്തിയും മറ്റ് പ്രാദേശിക നേതാക്കളും ആവശ്യപ്പെട്ടു. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ സായുധ സുരക്ഷയടക്കം വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

19-year-old who plotted a massacre at a Hindu temple in the US charged with terrorism-related offenses.

More Stories from this section

family-dental
witywide