ടെക്സസിലെ ബാറിനുപുറത്തെ വെടിവയ്പ്പിൽ 2 മരണം, നിരവധി പേർക്ക് പരുക്ക്; ഭീകരാക്രമണമെന്ന് സംശയിച്ച് എഫ്ബിഐ, ഇറാനെ ആക്രമിച്ച അമേരിക്കയോടുള്ള പ്രതികാരം?

ടെക്സസ്: ടെക്സസിലെ ഓസ്റ്റിനിൽ ഉണ്ടായ വെടിവയ്പ്പ് ഒരു ഭീകരാക്രമണമാകാൻ സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ച് എഫ്ബിഐ. ഞായറാഴ്ച പുലർച്ചെ ഓസ്റ്റിനിലെ ഒരു ബാറിന് പുറത്താണ് ഈ ആക്രമണം നടന്നത്. പ്രതി തൻ്റെ എസ്‌യുവിയിൽ നിന്ന് ബാറിന് മുന്നിലുള്ളവർക്ക് നേരെ വെടിയുതിർക്കുകയും പിന്നീട് വാഹനം നിർത്തി പുറത്തിറങ്ങി റൈഫിൾ ഉപയോഗിച്ച് വെടിവെപ്പ് തുടരുകയും ചെയ്തു. വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതിയും കൊല്ലപ്പെട്ടു.

പ്രതി 53 കാരനായ നിയാഗ ഡിയാൻ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞിട്ടുണ്ട്. സെനഗലിൽ നിന്നുള്ള ഇയാൾ അമേരിക്കൻ പൗരത്വം നേടിയ വ്യക്തിയാണ്. പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൽ ഇറാൻ ദേശീയ പതാകയുടെ ലോഗോയും “Property of Allah” എന്ന വരികളും ഉണ്ടായിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയ സൂചനകളും വസ്ത്രധാരണവും കണക്കിലെടുത്താണ് എഫ്ബിഐ ‘ഭീകര പ്രവർത്തന ബന്ധം’ അന്വേഷിക്കുന്നത്.

ഇറാനിൽ അടുത്തിടെ അമേരിക്കയും ഇസ്രായേലും നടത്തിയ വ്യോമാക്രമണത്തോടുള്ള പ്രതികരണമാണോ ഇതെന്ന് അന്വേഷണ ഏജൻസികൾ പരിശോധിച്ചുവരികയാണ്. എഫ്ബിഐയുടെ ജോയിൻ്റ് ടെററിസം ടാസ്ക് ഫോഴ്സ് ആണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്.

വെടിവെപ്പിനെക്കുറിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു. ടെക്സസിനെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കൻ സെനറ്റർ ടെഡ് ക്രൂസ് ഈ മാരകമായ ആക്രമണത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അപലപിച്ചു.

“ഇന്ന് പുലർച്ചെ ഓസ്റ്റിനിൽ നടന്നത് അർത്ഥശൂന്യമായ അക്രമമാണ്. എന്റെ ടീമും ഞാനും പ്രാദേശിക, സംസ്ഥാന, ഫെഡറൽ അധികാരികളുമായി ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്,” അദ്ദേഹം കുറിച്ചു. വാരാന്ത്യത്തിൽ വിനോദമേഖലയിൽ കൂടുതൽ പൊലീസ്, എമർജൻസി സേവനങ്ങളെ വിന്യസിച്ചതിനാൽ സംഭവസ്ഥലത്ത് “ദ്രുതഗതിയിൽ” പ്രതികരിക്കാൻ കഴിഞ്ഞെന്ന് ഡേവിസ് പറഞ്ഞു.

ഓസ്റ്റിൻ മേയർ കിർക്ക് വാട്സണും പൊലീസ് ഉദ്യോഗസ്ഥരുടെയും രക്ഷാപ്രവർത്തകരുടെയും നടപടിയെ പ്രശംസിച്ചു. വെറും 57 സെക്കൻഡിനുള്ളിൽ അധികൃതർ ഇടപെട്ടതായാണ് ഉദ്യോഗസ്ഥർ പറയുന്നത്. “അവരുടെ വേഗതയ്ക്ക് ഞാൻ നന്ദി പറയുന്നു. അവർ തീർച്ചയായും ജീവൻ രക്ഷിച്ചു,” അദ്ദേഹം പറഞ്ഞു.

“ഈ അക്രമസംഭവം നമ്മെ നിർവചിക്കില്ല, ടെക്സസുകാരുടെ നിശ്ചയദാർഢ്യത്തെ തളർത്തുകയുമില്ല” എന്ന് ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ടും പ്രതികരിച്ചു.

ടെക്സസ് കാപ്പിറ്റോളിന്റെയും സംസ്ഥാനത്തെ ഏറ്റവും വലിയ പൊതു സർവകലാശാലകളിലൊന്നായ യൂണിവേഴ്സിറ്റി ഓഫ് ടെക്സസിന്റെയും കേന്ദ്രമാണ് ഓസ്റ്റിൻ. നഗരമധ്യത്തിന് സമീപമുള്ള ഈ സർവകലാശാല വെടിവെപ്പ് നടന്ന ബ്യൂഫോർഡ്‌സിൽ (Buford’s) നിന്ന് രണ്ട് മൈലിൽ താഴെ (3.2 കി.മീ) മാത്രം അകലെയാണ്. ഈസ്റ്റ് സിക്സ്ത് സ്ട്രീറ്റും വെസ്റ്റ് സിക്സ്ത് സ്ട്രീറ്റും ഏകദേശം 55,000-ത്തോളം വരുന്ന വിദ്യാർത്ഥികളുടെ പ്രധാന താവളമാണ്. മിക്ക വാരാന്ത്യങ്ങളിലും ഇവർ ഇവിടെ എത്താറുണ്ട്.

2 dead, several injured in shooting outside Texas bar; FBI suspects it was a terrorist attack, revenge for the US attack on Iran?

More Stories from this section

family-dental
witywide