ഇറാഖിൽ വിമാനം തകർന്നുണ്ടായ മരണം, മൂന്ന് പേർ ഒഹായോ സ്വദേശികൾ; സ്ഥിരീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്

വാഷിംഗ്ടൺ: ഇറാഖിൽ അമേരിക്കൻ ഇന്ധനവാഹിനി വിമാനം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ആറ് സൈനികരിൽ മൂന്ന് പേർ ഒഹായോ സ്വദേശികളാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് സ്ഥിരീകരിച്ചു. തന്‍റെ ജന്മനാടായ ഒഹായോയിലെ 121-ാം എയർ റീഫ്യൂയലിംഗ് വിംഗിലെ അംഗങ്ങളാണ് ഇവരെന്നും രാജ്യത്തിനായി ജീവൻ ബലിനൽകിയ വീരന്മാർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം ‘എക്സി’ൽ കുറിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ കൊളംബസ് സ്വദേശിയായ 28-കാരൻ ടൈലർ സിമ്മൺസ് ആണെന്ന് കുടുംബം വെളിപ്പെടുത്തി.

വ്യാഴാഴ്ച പടിഞ്ഞാറൻ ഇറാഖിൽ നടന്ന അപകടത്തിൽ ശത്രുരാജ്യങ്ങളുടെ ആക്രമണമോ ‘ഫ്രണ്ട്‌ലി ഫയറോ’ ഉണ്ടായിട്ടില്ലെന്ന് അമേരിക്കൻ സെന്‍റ്കോം വ്യക്തമാക്കി. രണ്ട് വിമാനങ്ങൾ ഉൾപ്പെട്ട മിഡ്-എയർ കൊളിഷൻ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിമാനം കേടുപാടുകളോടെ ഇസ്രായേലിലെ ടെൽ അവീവിൽ സുരക്ഷിതമായി ഇറക്കി. ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ഗ്രൂപ്പ് വിമാനം വെടിവെച്ചിട്ടതാണെന്ന് അവകാശപ്പെട്ടെങ്കിലും ഇതിന് തെളിവുകളില്ലെന്ന് സൈന്യം അറിയിച്ചു.

ഫെബ്രുവരി 28ന് ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം 13 ആയി ഉയർന്നു. കുവൈത്തിലെ ഡ്രോൺ ആക്രമണത്തിൽ ആറ് പേരും, സൗദിയിലെ പ്രിൻസ് സുൽത്താൻ എയർബേസിലുണ്ടായ ആക്രമണത്തിൽ ഒരാളും മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാഖിലെ വിമാനാപകടത്തിൽ ആറ് സൈനികർ കൂടി കൊല്ലപ്പെടുന്നത്. യുദ്ധഭൂമിയിലെ നേരിട്ടുള്ള ഏറ്റുമുട്ടലുകളേക്കാൾ സാങ്കേതിക തകരാറുകൾ മൂലമുള്ള അപകടങ്ങളും യുഎസ് സൈന്യത്തിന് വലിയ ആൾനാശം വരുത്തുന്നു എന്നത് പെന്റഗണിനെ ആശങ്കയിലാക്കുന്നുണ്ട്.

More Stories from this section

family-dental
witywide