യുഎസ് സ്ഥിരീകരിച്ചു, ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ 3 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു; അഞ്ച് പേർക്ക് ഗുരുതര പരിക്ക്

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനെതിരെ ശനിയാഴ്ച ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യിൽ ആദ്യമായി അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ പ്രത്യാക്രമണത്തിൽ മൂന്ന് യുഎസ് സേനാംഗങ്ങൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങൾ പ്രകാരം മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ, നിരവധി സൈനികർക്ക് ചെറിയ തോതിലുള്ള പരിക്കുകളും ആഘാതങ്ങളും ഏറ്റിട്ടുണ്ട്. ഇവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരികെ ജോലിയിൽ പ്രവേശിച്ചു വരികയാണെന്ന് സൈന്യം അറിയിച്ചു.

കൊല്ലപ്പെട്ട സൈനികരുടെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല. അവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ച് 24 മണിക്കൂറിന് ശേഷം മാത്രമേ ഔദ്യോഗികമായി പേരുകൾ പുറത്തുവിടുകയുള്ളൂ.”മേഖലയിലെ സാഹചര്യം ഇപ്പോഴും സങ്കീർണ്ണമാണ്. പ്രധാന സൈനിക നീക്കങ്ങളും തിരിച്ചടികളും തുടരുകയാണ്,” എന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ മേഖലയിലെ ഒരു അമേരിക്കൻ സൈനിക താവളത്തിൽ പതിച്ചതാണ് ഈ നാശനഷ്ടങ്ങൾക്ക് കാരണമായതെന്നാണ് സൂചന. കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലെ അമേരിക്കൻ താവളങ്ങളെ ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വന്തം സൈനികർ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ഇറാനെതിരെ ഇതിലും ശക്തമായ ആക്രമണത്തിന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിടുമെന്നാണ് സൂചന. പശ്ചിമേഷ്യ ഇപ്പോൾ ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന്‍റെ നിഴലിലാണ്.

More Stories from this section

family-dental
witywide