ലാസ് വെഗാസ് വിമാനത്താവളത്തിൽ നായയെ ഉപേക്ഷിച്ചു; 32കാരിക്കെതിരെ കേസ്

ലാസ് വെഗാസ് : അമേരിക്കയിലെ നെവാഡ സംസ്ഥാനത്തുള്ള ഏറ്റവും വലിയ നഗരമായ ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നായയെ ഉപേക്ഷിച്ച സംഭവത്തിൽ ഒരു യുവതിക്കെതിരെ പൊലീസ് കേസെടുത്തു.

നായയെ ഉപേക്ഷിച്ചതിനും അറസ്റ്റ് തടയാൻ ശ്രമിച്ചതിനും 32-കാരിയായ സ്ത്രീയെയാണ് പൊലീസ് പിടികൂടിയത്. വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിൽ ഒരു നായയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വിമാനയാത്രയ്ക്ക് ആവശ്യമായ ക്രേറ്റ് (വിമാനത്തിലോ മറ്റ് വാഹനങ്ങളിലോ വളർത്തുമൃഗങ്ങളെ സുരക്ഷിതമായി കൊണ്ടുപോകാൻ ഉപയോഗിക്കുന്ന പ്രത്യേക തരം പെട്ടികൾ) ഇല്ലാത്തതിനാൽ നായയെ വിമാനത്തിൽ കയറ്റാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് നായയെ അവിടെ ഉപേക്ഷിക്കാൻ ഇവർ തീരുമാനിച്ചത്.

ഫെബ്രുവരി 2-ന് നടന്ന ഈ സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങളിൽ, പേര് വെളിപ്പെടുത്താത്ത ഒരു യുവതി തൻ്റെ നായയുമായി ടിക്കറ്റ് കൗണ്ടറിലെത്തി ജീവനക്കാരോട് സംസാരിക്കുന്നതും, തുടർന്ന് നായയെ അവിടെ ഉപേക്ഷിച്ച് നടന്നുപോകുന്നതും കാണാം.

നായയെ ‘സർവീസ് ഡോഗ്’ ആയി കൊണ്ടുപോകുന്നതിന് ആവശ്യമായ രേഖകൾ യുവതിയുടെ കൈവശം ഉണ്ടായിരുന്നില്ല. അതിനാൽ വിമാനക്കമ്പനി അധികൃതർ അവർക്ക് ബോർഡിംഗ് പാസ് നിഷേധിച്ചതായി പൊലീസ് അറിയിച്ചു. ലാസ് വെഗാസ് മെട്രോപൊളിറ്റൻ പൊലീസ് പുറത്തുവിട്ട ചിത്രത്തിൽ, ചാരനിറത്തിലുള്ള ചങ്ങലയിട്ട, ഇളം തവിട്ടുനിറത്തിലുള്ള ഒരു ഗോൾഡൻ ഡൂഡിൽ/മിനി പൂഡിൽ ഇനത്തിൽപ്പെട്ട നായ വിമാനത്താവളത്തിലെ കാർപെറ്റിൽ ഇരിക്കുന്നത് കാണാം.

നായയെ ഉപേക്ഷിച്ച ശേഷം യുവതി ഡിപ്പാർച്ചർ ഗേറ്റിലേക്ക് പോയി. അവിടെ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കണ്ടെത്തിയത്. നായയെ എന്തിന് ഉപേക്ഷിച്ചു എന്ന ചോദ്യത്തിന്, വിമാനത്തിൽ കയറ്റാൻ അധികൃതർ സമ്മതിച്ചില്ലെന്നും നായയുടെ ശരീരത്തിൽ ട്രാക്കിംഗ് ഉപകരണം ഉള്ളതിനാൽ അത് തനിയെ തൻ്റെ അടുത്തേക്ക് തിരിച്ചുവരുമെന്നുമാണ് യുവതി മറുപടി നൽകിയത്. ചോദ്യം ചെയ്യുന്നതിനിടെ യുവതി പൊലീസിനോട് മോശമായി പെരുമാറുകയും അറസ്റ്റ് തടയാൻ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അറസ്റ്റ് തടസ്സപ്പെടുത്തിയതിനും ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. “ഞങ്ങൾക്ക് ഇത് പറയേണ്ടി വരുന്നു എന്ന് വിശ്വസിക്കാനാവുന്നില്ല… ദയവായി നിങ്ങളുടെ നായകളെ വിമാനത്താവളത്തിലോ മറ്റെവിടെയെങ്കിലുമോ ഉപേക്ഷിക്കരുത്,” – പൊലീസ് ഫേസ്ബുക്കിൽ കുറിച്ചു.

ഉപേക്ഷിക്കപ്പെട്ട നായയെ 10 ദിവസത്തേക്ക് അനിമൽ പ്രൊട്ടക്റ്റീവ് സർവീസിലേക്ക് മാറ്റി. ഉടമയ്ക്ക് നായയെ തിരികെ കൊണ്ടുപോകാനുള്ള നിർബന്ധിത കാലാവധിയാണിത്. എന്നാൽ യുവതി തിരികെ വരാത്തതിനെത്തുടർന്ന് നായയെ ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. ‘ജെറ്റ് ബ്ലൂ’ എന്ന് പേരിട്ടിരിക്കുന്ന ഈ നായയെ ദത്തെടുക്കാൻ നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെന്ന് ‘റിട്രീവർ റെസ്ക്യൂ ഓഫ് ലാസ് വെഗാസ്’ എന്ന സംഘടന അറിയിച്ചു.

32-year-old woman charged with abandoning dog at Las Vegas airport

More Stories from this section

family-dental
witywide