
ഫ്ലോറിഡ: ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ഫെഡറൽ കോടതി സമുച്ചയത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയ ലനീസ സ്റ്റബ്സ് എന്ന 55-കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. രാത്രി ഏകദേശം 11:15-ഓടെയാണ് ലനീസ തന്റെ വാഹനം പോൾ ജി. റോജേഴ്സ് ഫെഡറൽ ബിൽഡിംഗിന്റെ പ്രധാന പ്രവേശന കവാടത്തിലേക്ക് മനപ്പൂർവ്വം ഇടിച്ചുകയറ്റിയത്.
കെട്ടിടത്തിന്റെ മുൻവാതിലുകൾക്കും സുരക്ഷാ ഉപകരണങ്ങൾക്കും ഫർണിച്ചറുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഏകദേശം 1.6 കോടിയിലധികം രൂപ മൂല്യമുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായി പൊലീസ് കണക്കാക്കുന്നു.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ഇവരെ പിന്നീട് പൊലീസ് കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു. നിലവിൽ ഇവർ പാം ബീച്ച് കൗണ്ടി ജയിലിലാണുള്ളത്. ഇവർക്കെതിരെ ക്രിമിനൽ മിസ്ചീഫ് (മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ ബോധപൂർവ്വമോ വിദ്വേഷത്തോടെയോ നശിപ്പിക്കുന്ന കുറ്റകൃത്യം) എന്ന ഗുരുതരമായ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 5,000 ഡോളർ ബോണ്ടിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. കോടതി സമുച്ചയത്തിന് പുറത്ത് ബാരിക്കേഡുകൾ ഉണ്ടായിരുന്നിട്ടും ഇവർ വാഹനവുമായി അകത്തേക്ക് കടന്നുകയറുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കൃത്യം ചെയ്യാനുള്ള കൃത്യമായ കാരണം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല
55-year-old woman arrested for driving into Florida federal court













