ടെക്സാസിൽ വൻതോതിലുള്ള എച്ച്-1 ബി വിസ തട്ടിപ്പ്? ആരോപണവുമായി മർജോറി ടെയ്‌ലർ ഗ്രീൻ, ‘ഒരൊറ്റ വീടിന്റെ വിലാസത്തിൽ നിരവധി ഐടി കമ്പനികൾ’

ഡാലസ്: ടെക്സാസിലെ നോർത്ത് ടെക്സാസ് മേഖലയിൽ വ്യാപകമായ എച്ച്-1 ബി വിസ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് മുൻ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം മർജോറി ടെയ്‌ലർ ഗ്രീൻ ആരോപിച്ചു. ചന്ദ് പർവതനേനി എന്ന ഡാലസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമിഗ്രേഷൻ അഭിഭാഷകൻ വഴി 2025-ൽ മാത്രം 7,00,000-ത്തോളം വിസ അപേക്ഷകൾക്ക് അനുമതി ലഭിച്ചുവെന്നാണ് വീഡിയോയിൽ അവകാശപ്പെടുന്നത്.
2024-ൽ ഏകദേശം 4,00,000 അപേക്ഷകൾക്ക് അനുമതി ലഭിച്ച സ്ഥാനത്ത്, 2025-ൽ ഇത് 7,00,000 ആയി വർദ്ധിച്ചുവെന്ന് വീഡിയോയിലെ ഇൻഫ്ലുവൻസർ ആരോപിക്കുന്നു.

പലപ്പോഴും ഒരൊറ്റ വീടിന്റെ വിലാസത്തിൽ നിരവധി ഐടി കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഈ വീടുകൾ കേന്ദ്രീകരിച്ച് വൻ ശമ്പളമുള്ള ജോലി ചെയ്യുന്നവരായിട്ടാണ് വിസ അപേക്ഷകർ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ഇവർ ആരോപിക്കുന്നു. എച്ച്-1 ബി വിസ പദ്ധതി പൂർണ്ണമായും നിർത്തലാക്കാനുള്ള തന്റെ ബില്ലായ HR 6937 പാസാക്കാൻ റിപ്പബ്ലിക്കൻമാർ തയ്യാറാകണമെന്ന് അവർ ആവശ്യപ്പെട്ടു. എങ്കിലും, ഈ ആരോപണങ്ങളിൽ പലതും സാങ്കേതികമായി തെറ്റാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു ഇമിഗ്രേഷൻ അഭിഭാഷകന് വിസകൾ ‘അംഗീകരിക്കാൻ’അധികാരമില്ല. മറിച്ച് അവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ മാത്രമേ സാധിക്കൂ.

വിസകൾ അംഗീകരിക്കുന്നത് അമേരിക്കൻ ഗവൺമെന്റ് ഏജൻസിയായ യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആണ്. കൂടാതെ, പ്രതിവർഷം 85,000 വിസകൾ മാത്രമാണ് അമേരിക്ക അനുവദിക്കുന്നത് എന്നതിനാൽ ലക്ഷക്കണക്കിന് വിസകൾ അനുവദിച്ചു എന്ന അവകാശവാദം വസ്തുതാപരമായി സംശയാസ്പദമാണ്. ട്രംപ് ഭരണകൂടം അടുത്തിടെ എച്ച്-1 ബി വിസയ്ക്ക് 1,00,000 ഡോളർ (ഏകദേശം 83 ലക്ഷം രൂപ) അധിക ഫീസ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പുതിയ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide