
ജറുസലേം: ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ നഗരമായ ബെയ്ത് ഷെമേഷിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ആരംഭിച്ച സംഘർഷത്തിന് ശേഷം ഇസ്രായേലിന് ഉള്ളിലുണ്ടാകുന്ന ഏറ്റവും വലിയ നാശനഷ്ടമാണിത്. ജറുസലേമിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള ഈ ജനവാസ മേഖലയിൽ മിസൈൽ നേരിട്ട് പതിക്കുകയായിരുന്നു. ഒരു ബഹുനില പാർപ്പിട സമുച്ചയത്തിന് മുകളിലാണ് മിസൈൽ പതിച്ചത്. ഇതിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു വീണു. ഒരു സിനഗോഗിനും പൊതു ബോംബ് ഷെൽട്ടറിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. 30-ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരിൽ നാല് വയസുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവരെ ഹെലികോപ്റ്റർ മാർഗ്ഗം ആശുപത്രികളിലേക്ക് മാറ്റി. ഇസ്രായേൽ ഹോം ഫ്രണ്ട് കമാൻഡും മാഗൻ ഡേവിഡ് അഡോം മെഡിക്കൽ സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധന തുടരുന്നു.
ഇറാന്റെ ഒട്ടുമിക്ക മിസൈലുകളെയും പ്രതിരോധ സംവിധാനങ്ങൾ തകർക്കുന്നുണ്ടെങ്കിലും, എല്ലാ മിസൈലുകളെയും തടയാൻ കഴിയില്ലെന്ന് ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബെയ്ത് ഷെമേഷിൽ മിസൈൽ തടയാൻ കഴിയാതിരുന്ന സാഹചര്യം സൈന്യം പരിശോധിച്ചു വരികയാണ്. അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമേനിയുടെ മരണത്തിന് പകരം ചോദിക്കാൻ ഇറാൻ നടത്തുന്ന ഓപ്പറേഷൻ ട്രൂ പ്രോമിസ് എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് ഈ ആക്രമണം. ഇസ്രായേലിലെ സ്കൂളുകൾക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പഠനം ഓൺലൈൻ വഴി തുടരാനാണ് നിർദ്ദേശം. വരും മണിക്കൂറുകളിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നതിനാൽ ജറുസലേം ഉൾപ്പെടെയുള്ള നഗരങ്ങൾ അതീവ ജാഗ്രതയിലാണ്.













