
മയാമി: ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷയ്ക്കായി സൈനിക പിന്തുണ നൽകാൻ വിസമ്മതിച്ച നാറ്റോ (Nato) സഖ്യകക്ഷികൾക്കെതിരെ കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
സഖ്യകക്ഷികളുടെ നടപടി ‘വലിയൊരു തെറ്റാണെന്ന്’ വിശേഷിപ്പിച്ച അദ്ദേഹം, നാറ്റോയ്ക്കായി നൽകിവരുന്ന സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കുമെന്നും ഭാവിയിൽ അവർക്ക് സഹായം ആവശ്യമായി വന്നാൽ അമേരിക്ക ഒപ്പമുണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകി. മയാമിയിൽ നടന്ന ഒരു സാമ്പത്തിക പരിപാടിയിൽ സംസാരിക്കവെയാണ് ട്രംപ് തൻ്റെ അതൃപ്തി പരസ്യമാക്കിയത്. “നമ്മൾ അവർക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നു, പക്ഷേ നമ്മൾ ആവശ്യപ്പെട്ടപ്പോൾ അവർ അവിടെ ഉണ്ടായിരുന്നില്ല,” ട്രംപ് പറഞ്ഞു.
നാറ്റോ രാജ്യങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്ക ഓരോ വർഷവും ശതകോടിക്കണക്കിന് ഡോളറാണ് ചെലവിടുന്നത്. എന്നാൽ നിർണായക ഘട്ടത്തിൽ അമേരിക്കയെ സഹായിക്കാത്ത രാജ്യങ്ങളെ തിരികെ സഹായിക്കാൻ തങ്ങൾ ബാധ്യസ്ഥരല്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. “അവർ നമുക്കൊപ്പം നിൽക്കുന്നില്ലെങ്കിൽ നമ്മൾ എന്തിനാണ് അവർക്കൊപ്പം നിൽക്കുന്നത്?” എന്നും ട്രംപ് ചോദിച്ചു. ഇറാനുമായുള്ള സംഘർഷ പശ്ചാത്തലത്തിൽ സൈനിക സഹായം നൽകാൻ നാറ്റോ രാജ്യങ്ങൾ വിമുഖത കാണിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. അമേരിക്കയും നാറ്റോ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളൽ വീഴ്ത്തുന്നതാണ് പ്രസിഡൻ്റിൻ്റെ ഈ പുതിയ പ്രസ്താവന.
‘A big mistake’; Trump says he will cut funding to NATO for not supporting Iran war















