
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ ഭഗീരഥപുര സ്വദേശിയായ സുനിൽ സാഹുവിനും കുടുംബത്തിനും പത്തു വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലഭിച്ച കൺമണിയായിരുന്നു അവ്യാൻ സാഹു എന്ന അഞ്ചുമാസക്കാരൻ. കൺമണിയെക്കണ്ട് കൊതിതീരുംമുമ്പേ അവനെ നഷ്ടപ്പെട്ട വേദനയിലാണ് കുടുംബം ഇപ്പോൾ. പ്രദേശത്തെ മലിനമായ പൈപ്പ് വെള്ളം കുടിച്ചതിനെത്തുടർന്ന് കുട്ടിക്ക് കഠിനമായ വയറിളക്കവും പനിയും ബാധിച്ചാണ് മരിച്ചത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം കുപ്പിപ്പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയിരുന്നതായും, ആ വെള്ളം മലിനമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും കുടുംബം കണ്ണീരോടെ പറയുന്നു.
ഡിസംബർ 26-ന് രോഗബാധിതനായ കുട്ടി ചികിത്സയിലിരിക്കെ ഡിസംബർ 29-ന് രാത്രിയോടെ മരണപ്പെട്ടു. കുഞ്ഞിന് മുലപ്പാൽ നൽകാൻ അമ്മയ്ക്ക് കഴിയാതിരുന്നതോടെയാണ് ഡോക്ടർ കുപ്പിപ്പാൽ നൽകാൻ പറഞ്ഞത്. ഇതിനായി കടയിൽനിന്നും വാങ്ങിയ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകിയതാണ് കുഞ്ഞിന്റെ മരണത്തിനു കാരണമായത്.
ഇൻഡോറിലെ മലിനജല ദുരന്തത്തിൽ ഇതുവരെ നിരവധി പേർ മരിക്കുകയും ആയിരത്തിലധികം ആളുകൾക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചത് 4 പേർ മാത്രമാണെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറയുമ്പോൾ 13 പേർ മരിച്ചതായി പ്രശ്നം ഉണ്ടായ ഭഗീരഥപുരയിലെ ജനങ്ങൾ പറയുന്നു. ഏഴു മരണമെന്ന് ഇൻഡോർ മേയർ പുഷ്യമിത്ര ഭാർഗവ പറയുന്നു. അങ്ങനെ മരണത്തിൽ ആകെ ആശയക്കുഴപ്പമാണ്.
സംഭവത്തിൽ അനാസ്ഥ കാട്ടിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും പിരിച്ചുവിടുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദാരുണ സംഭവം ഇൻഡോറിലെ ജലവിതരണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
A five-month-old child died of severe diarrhea and fever after drinking contaminated tap water.















