
കോപ്പൻഹേഗൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾക്കെതിരെ ഡെന്മാർക്കിനും ഗ്രീൻലൻഡിനും പിന്തുണയുമായി യുഎസ് കോൺഗ്രസ് പ്രതിനിധി സംഘം ഡെന്മാർക്കിലെത്തി. ഡെലവെയറിൽ നിന്നുള്ള സെനറ്റർ ക്രിസ് കൂൺസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഡെന്മാർക്ക് അധികൃതരുമായി ചർച്ച നടത്തുന്നത്. അമേരിക്കയും ഡെന്മാർക്കും തമ്മിലുള്ള 200 വർഷത്തിലധികം നീണ്ട സൗഹൃദം ഊട്ടിയുറപ്പിക്കുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സൺ, ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളിൽ ഡെന്മാർക്കിനും ഗ്രീൻലൻഡിനും കടുത്ത ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ, തങ്ങളുടെ സഖ്യകക്ഷികളുടെ പരമാധികാരത്തിനും സ്വയം നിർണ്ണയാവകാശത്തിനും ഒപ്പമാണ് യുഎസ് കോൺഗ്രസ് എന്ന് വ്യക്തമാക്കാനാണ് ഈ സന്ദർശനം.
ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികളിൽ നിന്നുള്ള ജനപ്രതിനിധികൾ ഈ സംഘത്തിലുണ്ട്. ക്രിസ് കൂൺസിനൊപ്പം സെനറ്റർമാരായ തോം ടില്ലിസ്, ജീൻ ഷഹീൻ എന്നിവരും ജനപ്രതിനിധികളായ ഗ്രെഗറി മീക്സ്, സാറാ മക്ബ്രൈഡ്, മെഡലീൻ ഡീൻ, സാറാ ജേക്കബ്സ് എന്നിവരും സംഘത്തിലുണ്ട്. ആർട്ടിക് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഊന്നൽ നൽകും. ഗ്രീൻലൻഡ് വാങ്ങാനോ സൈനിക ശക്തിയുപയോഗിച്ച് പിടിച്ചെടുക്കാനോ ഉള്ള ട്രംപിന്റെ താൽപ്പര്യത്തെ അമേരിക്കൻ ജനതയുടെ 75 ശതമാനവും എതിർക്കുന്നുവെന്ന് സിഎൻഎൻ സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടി പ്രതിനിധി സംഘം ഡെന്മാർക്കിന് ഉറപ്പ് നൽകി.
ഗ്രീൻലൻഡിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും സഖ്യകക്ഷികളെ അകറ്റുന്നതിന് പകരം അവരുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നും സെനറ്റർ ക്രിസ് കൂൺസ് പ്രസ്താവനയിൽ പറഞ്ഞു. വൈറ്റ് ഹൗസും ഡെന്മാർക്കും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഈ സന്ദർശനം ആഗോളതലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.















