
വാഷിംഗ്ടൺ: യു.എസിലെ മെയ്‌നിലുള്ള ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടുപേരുമായി പോയ സ്വകാര്യ ജെറ്റ് തകർന്നു വീണു. പ്രാദേശിക സമയം ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7:45-ഓടെയാണ് അപകടമുണ്ടായത്. ‘ബോംബാർഡിയർ ചലഞ്ചർ 600’ എന്ന ഇരട്ട എഞ്ചിൻ ബിസിനസ് ജെറ്റാണ് തകർന്നത്. ടെക്സസിൽ നിന്നാണ് വിമാനം മെയ്‌നിലെത്തിയത്.
വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനം തകർന്നു വീണത്. തകർന്ന വിമാനത്തിന് തീപിടിക്കുകയും ചെയ്തു. അപകടസമയത്ത് വിമാനത്തിൽ എട്ടുപേർ ഉണ്ടായിരുന്നു. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം അപകടത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല. എന്നാൽ യാത്രക്കാരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
കനത്ത മഞ്ഞുവീഴ്ചയും മോശം കാഴ്ചപരിധിയും ഈ സമയത്ത് മേഖലയിൽ ഉണ്ടായിരുന്നു. പ്രദേശത്ത് നിലനിന്നിരുന്ന അതിശക്തമായ ശീതകാല കൊടുങ്കാറ്റും വിമാനത്താവളത്തിലെ മഞ്ഞുവീഴ്ചയും അപകടത്തിന് കാരണമായോ എന്ന് പരിശോധിച്ചുവരികയാണ്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു.
A private jet carrying eight people crashed and caught fire in Maine, US












