
മയാമി: അമേരിക്കയിലെ യുവ റിപ്പബ്ലിക്കൻ (GOP) പ്രവർത്തകർ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കറുത്തവർഗ്ഗക്കാർക്കെതിരെ അതിരൂക്ഷമായ വംശീയാധിക്ഷേപങ്ങളും കൊലവിളികളും നടന്നതായി റിപ്പോർട്ട്. മയാമി ഹെറാൾഡ്, ദി ഫ്ലോറിഡിയൻ എന്നീ മാധ്യമങ്ങളാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടത്.
മിയാമി-ഡേഡ് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടി സെക്രട്ടറിയും നിയമവിദ്യാർത്ഥിയുമായ ആബേൽ അലക്സാണ്ടർ കർവജാൽ ആണ് ഈ ഗ്രൂപ്പ് രൂപീകരിച്ചത്. ‘Uber Ret—s Yapping Inc’ എന്ന് ആദ്യം പേരിട്ടിരുന്ന ഗ്രൂപ്പിൽ, കറുത്തവർഗ്ഗക്കാരെ അധിക്ഷേപിക്കുന്ന പദങ്ങൾ നാനൂറിലധികം തവണ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കറുത്തവർഗ്ഗക്കാരെ എങ്ങനെയൊക്കെ കൊല്ലാം എന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഗ്രൂപ്പിൽ സജീവമായി നടന്നിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം.
വംശീയ അധിക്ഷേപങ്ങൾക്ക് പുറമെ, ജൂത സ്ത്രീകൾക്കെതിരെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജൂതവിരുദ്ധവുമായ അധിക്ഷേപങ്ങൾ ഉപയോക്താക്കൾ ചൊരിഞ്ഞു. നാസി പ്രചാരണ വീഡിയോകൾ കണ്ട് സ്വയംഭോഗം ചെയ്യുന്നതിനെക്കുറിച്ച് അവർ തമാശ പറയുകയും ചെയ്തു. ഈ ഗ്രൂപ്പിലുണ്ടായിരുന്ന ചിലരെ കർവജാൽ പിന്നീട് പ്രാദേശിക പാർട്ടി നേതൃത്വത്തിലേക്ക് നിയമിച്ചതായും ‘ദി ഡെയ്‌ലി ബീസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലെ കോളേജ് റിപ്പബ്ലിക്കൻസ് മുൻ ബോർഡ് അംഗമായ ഡാരിയൽ ഗോൺസാലസ് “മൊത്തം കറുത്തവർഗ്ഗക്കാർക്കും മരണം!” (Total Negro Death!) എന്ന് എഴുതിയതായി റിപ്പോർട്ടിലുണ്ട്. മറ്റൊരു സന്ദർഭത്തിൽ, ഒരു കറുത്തവർഗ്ഗക്കാരിയായ വിദ്യാർത്ഥിനിയെ ഗ്രൂപ്പിലെ മറ്റൊരാൾ വംശീയമായി അധിക്ഷേപിച്ചതിനെത്തുടർന്ന് അവർ സംഘടന വിട്ടുപോയതായും ഇയാൾ അവകാശപ്പെട്ടു.
സംഭവം പുറത്തായതോടെ ഫ്ലോറിഡ ഇൻ്റർനാഷണൽ യൂണിവേഴ്സിറ്റി അധികൃതർ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. അതേസമയം, ഗ്രൂപ്പിലെ സന്ദേശങ്ങൾ താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും അതിനാൽ രാജിവെക്കില്ലെന്നുമാണ് പ്രധാന പ്രതിയായ ആബേൽ കർവജാലിൻ്റെ നിലപാട്.
എന്നാൽ, വംശീയതയ്ക്കും ജൂതവിരുദ്ധതയ്ക്കും പാർട്ടിയിൽ സ്ഥാനമില്ലെന്നും ഗ്രൂപ്പിലുണ്ടായിരുന്നവർ ഉടനടി രാജിവെക്കണമെന്നും മയാമി-ഡേഡ് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ കെവിൻ കൂപ്പർ ആവശ്യപ്പെട്ടു. നേരത്തെ ന്യൂയോർക്കിലെ യുവ റിപ്പബ്ലിക്കൻ പ്രവർത്തകർക്കിടയിലും സമാനമായ വംശീയ ഗ്രൂപ്പുകൾ കണ്ടെത്തിയത് പാർട്ടിക്ക് വലിയ തലവേദനയായിരുന്നു. പിന്നാലെയാണ് ചൂടുപിടിച്ച ചർച്ചകൾ വീണ്ടും പാർട്ടിയെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്.
A WhatsApp group of young Republican (GOP) activists in the US reportedly saw extreme racial slurs and death threats against black people.















