ലൂവ്ര് മോഷണം നടന്ന് ഒരു വർഷം; 100 മില്യൺ ഡോളറിന്റെ ആഭരണങ്ങൾ ഇപ്പോഴും കാണാമറയത്ത്

പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് 830 കോടി രൂപയോളം വിലമതിക്കുന്ന ആഭരണങ്ങൾ കവർന്നിട്ട് ഒരുവർഷം പിന്നിടുമ്പോഴും അവ കണ്ടെത്താനായില്ല. കേസിൽ അറസ്റ്റിലായ നാല് പ്രധാന പ്രതികൾ ജയിലിൽ വിചാരണ കാത്തുകഴിയുകയാണ്. മോഷ്ടിക്കപ്പെട്ട എട്ട് അമൂല്യ ആഭരണങ്ങൾ എവിടെയാണെന്നതിൽ അന്വേഷണസംഘത്തിന് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഫ്രാൻസിന്റെ മുൻ ചക്രവർത്തിനി യൂജീനിയുടേതായ കിരീടവും ബ്രൂച്ചും മോഷ്ടിക്കപ്പെട്ട ആഭരണങ്ങളിൽ ഉൾപ്പെടുന്നു. നെപ്പോളിയൻ മൂന്നാമന്റെ ഭാര്യയായിരുന്നു യൂജീനി. മോഷണം ഫ്രാൻസിന്റെ ചരിത്രത്തിനു നേരെയുള്ള ആക്രമണമാണെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വിശേഷിപ്പിച്ചിരുന്നു. തൊഴിലാളികളുടെ വേഷത്തിലെത്തിയ മോഷ്ടാക്കൾ പകൽസമയത്താണ് മ്യൂസിയത്തിൽ കടന്നത്. വ്യാവസായിക ഡിസ്‌ക് കട്ടറുകൾ ഉപയോഗിച്ച് 19-ാം നൂറ്റാണ്ടിലെ എട്ട് ആഭരണങ്ങൾ വെറും ഏഴ് മിനിറ്റിനുള്ളിൽ കവർന്ന സംഘം സ്കൂട്ടറുകളിൽ രക്ഷപ്പെടുകയായിരുന്നു. ആഭരണങ്ങൾക്ക് ഏകദേശം 100 മില്യൺ ഡോളറാണ് (ഏകദേശം 830 കോടി രൂപ) വില കണക്കാക്കുന്നത്.

മോഷ്ടാക്കൾ ആഭരണങ്ങൾ പാരിസ് മേഖലയിലെവിടെയെങ്കിലും ഒളിപ്പിച്ചിരിക്കാമെന്നാണ് അന്വേഷണവിദഗ്ധരുടെ നിഗമനം. മോഷണം നടന്ന് പത്ത് ദിവസത്തിനുള്ളിൽ നാല് പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ പ്രതികളുടെയും ബന്ധുക്കളുടെയും വീടുകൾ, ഗാരേജുകൾ, നിലവറകൾ, തട്ടിൻപുറങ്ങൾ എന്നിവിടങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയിട്ടും ആഭരണങ്ങൾ കണ്ടെത്താനായില്ല. മോഷ്ടിച്ച ആഭരണങ്ങൾ രഹസ്യമായി സൂക്ഷിക്കുകയോ ഇടനിലക്കാർക്ക് കൈമാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ പ്രതികളിലൊരാൾ ശിക്ഷയിൽ ഇളവ് ലഭിക്കുന്നതിനായി വിവരം വെളിപ്പെടുത്തിയേക്കാമെന്ന് ഡച്ച് കലാവസ്തു അന്വേഷകൻ ആർതർ ബ്രാൻഡ് പറഞ്ഞു.

മോഷണത്തിനു പിന്നിൽ സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ള ഒരു സൂത്രധാരനുണ്ടായിരുന്നിരിക്കാമെന്നും സംശയമുണ്ട്. ആഭരണങ്ങൾ ഫ്രാൻസിനു പുറത്തേക്ക് കടത്തിയിരിക്കാമെന്നും അന്വേഷണസംഘം കരുതുന്നു. വജ്രങ്ങൾ അഴിച്ചെടുത്ത് വീണ്ടും മുറിച്ച് വിൽക്കാനാണ് സാധ്യതയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബെൽജിയത്തിലെ ആന്റ്‌വെർപ്പ്, ഇസ്രയേലിലെ ടെൽ അവീവ്, ഇന്ത്യ എന്നിവിടങ്ങളിലേക്കും ആഭരണങ്ങൾ എത്തിയിരിക്കാമെന്നാണ് വിലയിരുത്തൽ.

അതേസമയം, മോഷ്ടിക്കപ്പെട്ട ആഭരണങ്ങൾ തിരിച്ചുകിട്ടാനുള്ള സാധ്യത പൂർണമായും തള്ളാനാകില്ലെന്ന് വിദഗ്ധർ പറയുന്നു. നേരത്തെയും മോഷണം പോയ വിലപിടിപ്പുള്ള വസ്തുക്കൾ വർഷങ്ങൾക്കുശേഷം കണ്ടെത്തിയ സംഭവങ്ങളുണ്ട്. മോഷ്ടിക്കപ്പെട്ട വസ്തുക്കളുടെ ഇന്റർപോൾ പട്ടികയിൽ ലൂവ്രിലെ ആഭരണങ്ങൾ ഇപ്പോഴും ഉൾപ്പെട്ടിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണം പോയ പുരാവസ്തുക്കളും കലാവസ്തുക്കളും കണ്ടെത്താൻ മൂന്ന് മാസം മുതൽ 40 വർഷം വരെ എടുത്തിട്ടുണ്ടെന്ന് ഇന്റർപോൾ അറിയിച്ചു.

A year on since Louvre Museum heist, stolen jewels worth $100 million still missing

More Stories from this section

family-dental
witywide