മസാച്യുസെറ്റ്സ്: മെഡിക്കൽ ആവശ്യത്തിനായി ആറ് പേരുമായി യാത്ര ചെയ്ത വിമാനം മസാച്യുസെറ്റ്സിന് സമീപം കടലിൽ കാണാതായതിനെ തുടർന്ന് യുഎസ് കോസ്റ്റ് ഗാർഡ് തിരച്ചിൽ ശക്തമാക്കി. ശനിയാഴ്ച പുലർച്ചെയാണ് ബെർമുഡയിൽ നിന്ന് ബോസ്റ്റണിലേക്ക് പുറപ്പെട്ട വിമാനം കാണാതായത്. രാത്രിയിലും തിരച്ചിൽ തുടരുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.
ബെർമുഡയിൽ നിന്ന് ബോസ്റ്റണിലേക്ക് പറക്കുകയായിരുന്ന ഗൾഫ്‌സ്ട്രീം G-100 വിമാനവുമായുള്ള ബന്ധം പുലർച്ചെ രണ്ടുമണിയോടെ നഷ്ടപ്പെട്ടതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) കോസ്റ്റ് ഗാർഡിനെ അറിയിക്കുകയായിരുന്നു.
കാനഡയിൽ രജിസ്റ്റർ ചെയ്ത വിമാനം ശനിയാഴ്ച പുലർച്ചെ 12.41ഓടെ നാല് ജീവനക്കാരും രണ്ട് യാത്രക്കാരുമായി എൽ.എഫ്. വേഡ് ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ടതായി വിമാനത്താവളം നിയന്ത്രിക്കുന്ന ബെർമുഡ സ്കൈപോർട്ട് കോർപറേഷൻ അറിയിച്ചു.
ന്യൂയോർക്ക് എയർ ട്രാഫിക് കൺട്രോളർമാരുമായി ബന്ധത്തിലായിരുന്ന വിമാനമാണ് പിന്നീട് അടിയന്തര സന്ദേശം നൽകിയത്. പൈലറ്റുമാരുടെ സന്ദേശം കൺട്രോളർക്ക് വ്യക്തമായി കേൾക്കാൻ സാധിച്ചിരുന്നില്ലെന്നും ഉയരം ഉൾപ്പെടെയുള്ള വിവരങ്ങൾ പലതവണ ആവർത്തിക്കാൻ ആവശ്യപ്പെട്ടതായും എബിസി ന്യൂസ് പുറത്തുവിട്ട എയർ ട്രാഫിക് ഓഡിയോയിൽ പറയുന്നു.
വിമാനത്തിൽനിന്ന് പ്രതികരണം ലഭിക്കാതായതോടെ സമീപത്തുണ്ടായിരുന്ന എത്യോപ്യൻ എയർലൈൻസ് വിമാനത്തോട് ബന്ധപ്പെടാൻ ശ്രമിക്കാൻ കൺട്രോളർ ആവശ്യപ്പെട്ടു. എന്നാൽ അതിനും പ്രതികരണമുണ്ടായില്ല. അതേ സമയം, വിമാനത്തിൽ അമേരിക്കൻ പൗരന്മാരാരും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
നാൻടക്കറ്റിന് സമീപമുള്ള കടൽമേഖലയിലാണ് കോസ്റ്റ് ഗാർഡ് വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച് തിരച്ചിൽ നടത്തുന്നത്. ശനിയാഴ്ച രാത്രിയിലും കോസ്റ്റ് ഗാർഡ് കട്ടർ വില്യം സ്പാർലിങ് തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. തിരച്ചിലിന്റെ പുതിയ വിവരങ്ങൾ നൽകാൻ ഞായറാഴ്ച വാർത്താസമ്മേളനം നടത്തുമെന്നും വ്യക്തമാക്കി.
വിമാനം കടലിൽ പതിക്കുന്നതിന് മുമ്പ് ഏകദേശം 7,500 അടി താഴേക്ക് അതിവേഗം പതിച്ചതായാണ് പ്രാഥമിക നിഗമനമെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
Coast Guard continues search for medical transport airplane missing off Massachusetts












