ലൂസിയാനയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അഞ്ചൽ സ്വദേശിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

ന്യൂയോർക്ക്: അമേരിക്കയിലെ ലൂസിയാനയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം അഞ്ചൽ അഗസ്ത്യകോട് നെടുമ്പനയിൽ വീട്ടിൽ ഹരികൃഷ്ണൻ പിള്ള (27) ആണ് മരിച്ചത്. ലൂസിയാനയിലെ മക്നീസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും സംരംഭകനുമായിരുന്നു. രാധാകൃഷ്ണൻ പിള്ളയുടെയും കവിത രാധാകൃഷ്ണന്റെയും മകനാണ്.

ലൂസിയാന സ്റ്റേറ്റ് പൊലീസിന്റെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഒക്ടോബർ 5, തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ അസൻഷൻ പാരിഷിലെ എൽ.എ 1 ഹൈവേയിലായിരുന്നു അപകടം. അഡിസ് സ്വദേശിയായ ജെയിംസ് കാസിയോ (48) ഓടിച്ചിരുന്ന ഫോർഡ് എഫ്-150 ട്രക്ക് നിയന്ത്രണം വിട്ട് റോഡിന്റെ മധ്യരേഖ മറികടന്ന് എതിർദിശയിൽ ഹരികൃഷ്ണൻ സഞ്ചരിച്ചിരുന്ന ഹോണ്ട പൈലറ്റ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

അപകടത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവർ ജെയിംസ് കാസിയോയെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ചതിനും നരഹത്യക്കുമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളെ ഡിസ്ചാർജ് ചെയ്ത ശേഷം അസൻഷൻ പാരിഷ് ജയിലിലേക്ക് മാറ്റുമെന്ന് ലൂസിയാന സ്റ്റേറ്റ് പൊലീസ് അറിയിച്ചു.

ഹരികൃഷ്ണൻ പിള്ളയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട്ടിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ അമേരിക്കയിലെ മലയാളി കൂട്ടായ്മകളുടെ സഹായത്തോടെ കുടുംബാംഗങ്ങൾ നടത്തിവരികയാണ്.

A young Malayali man died in a tragic vehicle accident in Louisiana, USA.

More Stories from this section

family-dental
witywide