അമേരിക്കയിൽ ഇൻഷുറൻസ് പ്രതിസന്ധി: അഫോർഡബിൾ കെയർ ആക്ട് സബ്‌സിഡി അവസാനിച്ചു; പ്രീമിയം തുക കുതിച്ചുയരും

വാഷിംഗ്ടൺ: അമേരിക്കയിലെ ദശലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസമായിരുന്ന ‘അഫോർഡബിൾ കെയർ ആക്ട്’ (ACA) പ്രകാരമുള്ള അധിക പ്രീമിയം സബ്‌സിഡികൾ 2025 ഡിസംബർ 31-ഓടെ അവസാനിച്ചു. ഇതോടെ 2026-ൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയ്ക്കായി അമേരിക്കൻ ജനത വൻതുക അധികമായി നൽകേണ്ടി വരുമെന്ന് ഉറപ്പായി. സബ്‌സിഡി നീട്ടിക്കൊണ്ടുപോകാനുള്ള രാഷ്ട്രീയ നീക്കങ്ങൾ വാഷിംഗ്ടണിൽ പരാജയപ്പെട്ടതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

സബ്‌സിഡികൾ നിർത്തലാക്കിയതോടെ ഇൻഷുറൻസ് പ്രീമിയം തുക പലയിടങ്ങളിലും ഇരട്ടിയോ അതിലധികമോ ആയി വർദ്ധിക്കും. ഉദാഹരണത്തിന്, മാസം 900 ഡോളർ നൽകിയിരുന്നവർ ഇനി മുതൽ 2,500 ഡോളറോളം നൽകേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് താങ്ങാനാവാത്തതിനാൽ ഏകദേശം 40 ലക്ഷത്തോളം പേർ ഇൻഷുറൻസ് പരിരക്ഷ ഉപേക്ഷിക്കാൻ നിർബന്ധിതരായേക്കും.

സബ്‌സിഡികൾ മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള ഡെമോക്രാറ്റുകളുടെ നിർദ്ദേശത്തിൽ ജനുവരിയിൽ പ്രതിനിധി സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കുകയാണ്. എന്നാൽ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിൽ ഈ നീക്കം വിജയിക്കാൻ സാധ്യത കുറവാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

സബ്‌സിഡി തുടരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബറിൽ ഡെമോക്രാറ്റുകൾ സർക്കാർ ഫണ്ടിംഗ് തടഞ്ഞുവെച്ചത് അമേരിക്കയിൽ റെക്കോർഡ് ദൈർഘ്യമുള്ള ‘ഗവൺമെന്റ് ഷട്ട്ഡൗണിന്’ കാരണമായിരുന്നു. നവംബർ പകുതിയോടെ സെനറ്റിൽ വോട്ടെടുപ്പ് നടത്താമെന്ന ധാരണയിലാണ് അന്ന് ഷട്ട്ഡൗൺ അവസാനിച്ചത്. എന്നാൽ ഡിസംബറിൽ നടന്ന വോട്ടെടുപ്പിൽ ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ബില്ലുകൾ പരാജയപ്പെട്ടു.

നാല് മോഡറേറ്റ് റിപ്പബ്ലിക്കൻ അംഗങ്ങൾ സ്വന്തം പാർട്ടിയുടെ നിലപാട് തള്ളി ഡെമോക്രാറ്റുകളുടെ നിർദ്ദേശത്തെ പിന്തുണയ്ക്കാൻ തീരുമാനിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനമുള്ളവർക്ക് പുറമെ ചെറുകിട ബിസിനസുകാർ, കർഷകർ, 55 വയസ്സിന് മുകളിൽ പ്രായമുള്ളവർ എന്നിവരെയാണ് സബ്‌സിഡി നിർത്തലാക്കുന്നത് ഏറ്റവും കൂടുതൽ ബാധിക്കുക.

More Stories from this section

family-dental
witywide