
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ഇടത് മുന്നണിയുടെ സർപ്രൈസ് സ്ഥാനാർത്ഥിയായി നടൻ സുധീർ കരമന മത്സരിക്കും. സിറ്റിംഗ് എം.എൽ.എ ആൻ്റണി രാജുവിന് കോടതി ശിക്ഷയെത്തുടർന്ന് അയോഗ്യത കൽപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് മണ്ഡലം തിരിച്ചുപിടിക്കാൻ ജനപ്രിയ മുഖത്തെ തന്നെ ഇറക്കാൻ എൽ.ഡി.എഫ് തീരുമാനിച്ചത്.
ജനാധിപത്യ കേരള കോൺഗ്രസിൻ്റെ സീറ്റാണെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് സി.പി.ഐ.എമ്മിൻ്റെ നിർദ്ദേശപ്രകാരമാണ് സുധീർ കരമനയെ സ്വതന്ത്രനായി രംഗത്തിറക്കുന്നത്. പ്രമുഖ നടൻ കരമന ജനാർദ്ദനൻ നായരുടെ മകനായ സുധീർ കരമനയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തിബന്ധങ്ങളും ജനപ്രീതിയും വോട്ടായി മാറുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം സജീവമായി പ്രചാരണരംഗത്തുണ്ടായിരുന്നു.
സിനിമയും രാഷ്ട്രീയവും രണ്ടാണെന്നും സ്ഥാനാർത്ഥിത്വം സമൂഹത്തിലേക്ക് ഇറങ്ങാനുള്ള അവസരമായി കാണുന്നുവെന്നും തിരുവനന്തപുരം മണ്ഡലം നിലനിര്‍ത്തുമെന്നും സുധീര്‍ കരമന പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി സി.പി. ജോണും എൻ.ഡി.എ സ്ഥാനാർത്ഥിയായി കരമന ജയനുമാണ് നിലവിൽ രംഗത്തുള്ളത്. ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലത്തിൽ സുധീർ കരമനയുടെ വരവ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സുധീര്‍ കരമനയെ സ്ഥാനാര്‍ത്ഥിയായി എൽഡിഎഫ് അൽപ്പസമയം മുന്‍പാണ് പ്രഖ്യാപിച്ചത്.
Actor Sudhir Karamana is an independent candidate for LDF in Thiruvananthapuram Central constituency















