
വാഷിംഗ്ടൺ: അമേരിക്കയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഇനിയും മഞ്ഞുവീഴ്ചയ്ക്കും ശീതക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ മാസം 22-23 തീയതികളിൽ ആഞ്ഞടിച്ച ശക്തമായ ‘ബോംബ് സൈക്ലോൺ’ മഞ്ഞു വീഴ്ചയ്ക്ക് പിന്നാലെയാണ് പുതിയ ജാഗ്രതാനിർദേശം വരുന്നത്.
ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ഒരു ‘ക്ലിപ്പർ സ്റ്റോം’ ഗ്രേറ്റ് ലേക്ക്‌സ് മേഖലയിൽ നിന്ന് ന്യൂ ഇംഗ്ലണ്ട് ഭാഗത്തേക്ക് നീങ്ങും. ഇത് മിനസോട്ട മുതൽ ന്യൂ ഇംഗ്ലണ്ട് വരെ വീണ്ടും മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും. ന്യൂയോർക്ക്, ഫിലാഡൽഫിയ, വാഷിംഗ്ടൺ ഡി.സി തുടങ്ങിയ നഗരങ്ങളിൽ മഞ്ഞിനൊപ്പം മഴയ്ക്കും സാധ്യതയുണ്ട്. ഈ ആഴ്ച അവസാനത്തോടെയും അടുത്ത ആഴ്ചയുടെ തുടക്കത്തിലും കൂടുതൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി അക്യു വെതർ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസത്തെ കൊടുങ്കാറ്റിൽ റോഡ് ഐലൻഡ്, ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ ഇടങ്ങളിൽ 2 മുതൽ 3 അടി വരെ മഞ്ഞ് വീണിരുന്നു. പുതിയ മഞ്ഞുവീഴ്ച ശുചീകരണ പ്രവർത്തനങ്ങളെയും ഗതാഗതത്തെയും വീണ്ടും ബാധിച്ചേക്കാം. അതേസമയം, ഏറ്റവും ശക്തമായ കൊടുങ്കാറ്റ് കടന്നുപോയെങ്കിലും ഈ ആഴ്ച മുഴുവൻ തണുപ്പും ചെറിയ തോതിലുള്ള മഞ്ഞുവീഴ്ചയും തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
After ‘bomb cyclone’ in America, another warning; ‘Clipper Storm’ coming















