വെനസ്വേല കഴിഞ്ഞു, ഗ്രീൻലാൻഡിൽ ട്രംപിൻ്റെ മോഹങ്ങൾ തളിർക്കുമോ? ഏറ്റെടുക്കുന്നതിനുള്ള സാധ്യതകൾ സജീവമായി പരിശോധിക്കുന്നു, സൈന്യത്തെ ഉപയോഗിക്കണോ എന്നും ചർച്ച

വാഷിംഗ്ടൺ: നാറ്റോ അംഗമായ ഡെൻമാർക്കിന്റെ അർദ്ധ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണെന്ന് ബിബിസിയോട് വ്യക്തമാക്കി വൈറ്റ് ഹൗസ് .

ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് “ദേശീയ സുരക്ഷാ മുൻഗണന”യാണെന്ന് യുഎസ് ആവർത്തിക്കുന്നുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപും അദ്ദേഹത്തിന്റെ സംഘവും ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നതിനുള്ള വിവിധ സാധ്യതകൾ ചർച്ച ചെയ്യുന്നുണ്ടെന്നും ഇതിനായി യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് “എപ്പോഴും ഒരു ഓപ്ഷനാണ്” എന്നും വൈറ്റ്ഹൌസ് വൃത്തങ്ങൾ വ്യക്തമാക്കി. ആർട്ടിക് മേഖലയിലെ റഷ്യൻ, ചൈനീസ് സ്വാധീനത്തെ തടയാൻ ഗ്രീൻലാൻഡ് ഏറ്റെടുക്കുന്നത് അത്യാവശ്യമാണെന്നാണ് യുഎസ് നിലപാട്.

എന്നാൽ ഗ്രീൻലാൻഡ് വിൽക്കാനുള്ളതല്ലെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രിയും ഗ്രീൻലാൻഡ് അധികാരികളും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഡെൻമാർക്കിന് പിന്തുണയുമായി യൂറോപ്യൻ നേതാക്കൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ പ്രസ്താവന വന്നത്. ട്രംപിന്റെ നീക്കങ്ങൾ നാറ്റോ സഖ്യത്തെ തകർക്കുമെന്ന് യൂറോപ്യൻ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബാഹ്യ ആക്രമണങ്ങൾ ഉണ്ടായാൽ സഖ്യകക്ഷികൾ പരസ്പരം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ട്രാൻസ്-അറ്റ്ലാന്റിക് സൈനിക ഗ്രൂപ്പാണ് നാറ്റോ.

“ഗ്രീൻലാൻഡ് അവിടുത്തെ ജനങ്ങളുടേതാണ്, ഡെൻമാർക്കിനും ഗ്രീൻലാൻഡിനും മാത്രമേ അവരുടെ ബന്ധങ്ങളെക്കുറിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ,” യുകെ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോളണ്ട്, സ്പെയിൻ, ഡെൻമാർക്ക് എന്നീ രാജ്യങ്ങളുടെ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. “പരമാധികാരം, പ്രദേശിക സമഗ്രത, അതിർത്തികളുടെ ലംഘനമില്ലായ്മ എന്നിവയുൾപ്പെടെ യുഎൻ ചാർട്ടറിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും” അവർ ആവശ്യപ്പെട്ടു.

ട്രംപ് 2019-ൽ ആദ്യമായി പ്രസിഡന്റായിരുന്നപ്പോഴും ഗ്രീൻലാൻഡ് വാങ്ങാനുള്ള താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അടുത്തിടെ വെനസ്വേലയിലെ സൈനിക നടപടിക്ക് ശേഷമാണ് ഈ വിഷയം വീണ്ടും സജീവമായി ചർച്ചയായത്.
ഗ്രീൻലാൻഡ് ഡെൻമാർക്കിന്റെ ഭാഗമാണെങ്കിലും, അതിന് വിപുലമായ സ്വയംഭരണമുണ്ട്. പ്രതിരോധവും വിദേശകാര്യ നയവും ഡെൻമാർക്കിന്റെ കൈകളിലാണ്. ഭൂരിഭാഗം ഗ്രീൻലാൻഡ് നിവാസികളും യുഎസിന്റെ ഭാഗമാകുന്നതിനെ എതിർക്കുന്നുമുണ്ട്.

After Venezuela, the US is now discussing the possibility of acquiring Greenland,

More Stories from this section

family-dental
witywide