
വാഷിംഗ്ടൺ: ഗ്രീൻലാൻഡ് ഏറ്റെടുക്കണമെന്ന അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനകൾക്ക് പിന്നാലെ മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കി ഡെന്മാർക്ക്. ഗ്രീൻലാൻഡിന് ചുറ്റുമുള്ള വ്യോമ, നാവിക അതിർത്തികളിൽ കൂടുതൽ സൈനികരെയും യുദ്ധവിമാനങ്ങളെയും കപ്പലുകളെയും വിന്യസിക്കാൻ ഡെന്മാർക്ക് പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. ഗ്രീൻലാൻഡ് സർക്കാരിന്‍റെ പൂർണ്ണ പിന്തുണയോടെയാണ് ഈ നീക്കം.
ആർട്ടിക് മേഖലയിലെ വർദ്ധിച്ചുവരുന്ന സുരക്ഷാ സംഘർഷങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ഡെന്മാർക്ക് ഔദ്യോഗികമായി അറിയിച്ചു.
ഡാനിഷ് സൈന്യത്തിന് പുറമെ മറ്റ് നാറ്റോ സഖ്യകക്ഷികളും ഈ സൈനിക അഭ്യാസങ്ങളിൽ പങ്കുചേരും. അമേരിക്കയിൽ നിന്ന് ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഗ്രീൻലാൻഡിന്റെ പരമാധികാരം സംരക്ഷിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിച്ചുനിൽക്കുമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ ഡെന്മാർക്ക് നൽകുന്നത്.
അഡ്വാൻസ് കമാൻഡ് യൂണിറ്റുകൾ ഇതിനകം തന്നെ ഗ്രീൻലാൻഡിലെത്തി ലോജിസ്റ്റിക്സ് സൗകര്യങ്ങൾ ഒരുക്കിത്തുടങ്ങി. പ്രധാന സൈനിക വ്യൂഹം വരും ദിവസങ്ങളിൽ അവിടെയെത്തും.
ഒരു വശത്ത് സൈനിക വിന്യാസം നടക്കുമ്പോൾ തന്നെ, മറുവശത്ത് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസും ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസ്സനും തമ്മിൽ വൈറ്റ് ഹൗസിൽ ചർച്ചകൾ ആരംഭിച്ചു. സംഘർഷം ലഘൂകരിക്കാനാണ് ഡെന്മാർക്ക് ശ്രമിക്കുന്നതെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. ഫ്രാൻസ്, ജർമ്മനി ഉൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഡെന്മാർക്കിന് പിന്തുണ പ്രഖ്യാപിച്ചു. ഫെബ്രുവരി ആദ്യവാരം ഫ്രാൻസ് ഗ്രീൻലാൻഡിൽ പുതിയ കോൺസുലേറ്റ് തുറക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.















