
ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള എഐ (Artificial Intelligence) വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ ആലപ്പുഴ സൈബർ പോലീസ് കേസെടുത്തു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തി ചെന്നിത്തലയുടെ ദൃശ്യങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ചാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അനിൽ ബി. കളത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ ബിജെപി കേന്ദ്രങ്ങൾ വൻതോതിൽ ഈ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിതയിലെ 192-ാം വകുപ്പ് പ്രകാരമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
AI video insulting Ramesh Chennithala; Alappuzha Cyber Police registers case














