
മൈദുഗുരി: നൈജീരിയയിൽ ജിഹാദി ഭീകരരെ ലക്ഷ്യം വെച്ച് വ്യോമസേന നടത്തിയ ബോംബാക്രമണം പാളി. വടക്കുകിഴക്കൻ നൈജീരിയയിലെ ഒരു പ്രാദേശിക ചന്തയിൽ ബോംബ് പതിച്ചതിനെത്തുടർന്ന് കുട്ടികളടക്കം നൂറിലധികം സാധാരണക്കാർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം യോബ് സംസ്ഥാനത്തെ ബോർണോ അതിർത്തിയോട് ചേർന്നുള്ള ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.
വിഘടനവാദി ഗ്രൂപ്പായ ബോക്കോ ഹറാം പ്രവർത്തകർ ആഹാരസാധനങ്ങൾ വാങ്ങാൻ എത്തുന്ന പ്രധാന കേന്ദ്രമാണ് ഈ ചന്തയെന്ന് പറയപ്പെടുന്നു.
ഭീകരർ ഇവിടെ ഒത്തുകൂടി ആക്രമണത്തിന് പദ്ധതിയിടുന്നു എന്ന രഹസ്യവിവരത്തെത്തുടർന്നാണ് വ്യോമസേന വിമാനം അയച്ചത്. എന്നാൽ ആക്രമണം ലക്ഷ്യം തെറ്റി ചന്തയിൽ പതിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ അംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നിഷ്കളങ്കരായ സാധാരണക്കാരാണെന്നും ഇതിൽ കുട്ടികളുണ്ടെന്നും അംനസ്റ്റി ഇന്റർനാഷണൽ നൈജീരിയ ഡയറക്ടർ ഇസ സനൂസി സ്ഥിരീകരിച്ചു. പരുക്കേറ്റ നിരവധി പേരെ ഗെയ്ദാം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ ഇപ്പോഴും കൂടുതൽ മൃതദേഹങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് നൈജീരിയൻ സൈന്യം വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. ഭീകരരുടെ താവളങ്ങളും ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും വിജയകരമായി തകർത്തുവെന്നാണ് സൈന്യത്തിൻ്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ അവകാശപ്പെടുന്നത്. നിരോധിത മേഖലകളിൽ മോട്ടോർ സൈക്കിളുകളിൽ സഞ്ചരിക്കുന്നവരെ ഭീകരരായി കണക്കാക്കുമെന്നും സൈന്യം കൂട്ടിച്ചേർത്തു.
നൈജീരിയയിൽ സൈനിക പിഴവുകൾ കാരണം സാധാരണക്കാർ കൊല്ലപ്പെടുന്നത് ആവർത്തിച്ചു വരികയാണ്. 2017-ന് ശേഷം മാത്രം ഇത്തരത്തിലുള്ള പിഴവുകളിൽ അഞ്ഞൂറിലധികം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് കണക്കുകൾ. സംഭവത്തിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന് മനുഷ്യാവകാശ സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടു.
Airstrike targeting militants in Nigeria fails; 100 civilians, including children, killed















