ട്രംപിന് ആൽബനീസിൻ്റെ മറുപടി: ”ഇറാൻ വിഷയത്തിൽ ഓസ്‌ട്രേലിയയെ ആരും ഉപദേശിക്കേണ്ട”

കാൻബറ: ഇറാൻ വിഷയത്തിൽ ഓസ്‌ട്രേലിയയുടെ നിലപാടിനെ വിമർശിച്ച അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി ആൻ്റണി ആൽബനീസ്. ഇറാനെതിരായ സൈനിക നീക്കങ്ങൾ തുടങ്ങുന്നതിന് മുൻപ് അമേരിക്ക ഓസ്‌ട്രേലിയയുമായി യാതൊരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കുന്നുണ്ടെന്നും സമാധാനപരമായ അന്തരീക്ഷമാണ് ഓസ്‌ട്രേലിയ ആഗ്രഹിക്കുന്നതെന്നും ആൽബനീസ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ എണ്ണ വിതരണ പാത സംരക്ഷിക്കാൻ ഓസ്‌ട്രേലിയ യുദ്ധക്കപ്പലുകൾ അയക്കുന്നില്ലെന്നതായിരുന്നു ട്രംപിൻ്റെ പ്രധാന പരാതി. “ഓസ്‌ട്രേലിയയുടെ നിലപാട് അത്ര ശരിയായില്ല, ഞാൻ അല്പം അത്ഭുതപ്പെട്ടു” എന്നായിരുന്നു വൈറ്റ് ഹൗസിൽ വെച്ച് ട്രംപ് പ്രതികരിച്ചത്.

എന്നാൽ, അമേരിക്ക ആവശ്യപ്പെട്ട എല്ലാ സഹായങ്ങളും ഓസ്‌ട്രേലിയ നൽകിയിട്ടുണ്ടെന്ന് ആൽബനീസ് ചൂണ്ടിക്കാട്ടി. യുഎഇയെ സഹായിക്കാൻ നിരീക്ഷണ വിമാനങ്ങൾ വിട്ടുനൽകിയതായും അദ്ദേഹം പറഞ്ഞു. “അമേരിക്ക ആവശ്യപ്പെട്ട കാര്യങ്ങളൊന്നും ഞങ്ങൾ നിരസിച്ചിട്ടില്ല. എന്നാൽ ഈ ആക്രമണം നടത്തുന്നതിന് മുൻപ് ഞങ്ങളോട് ആലോചിച്ചിട്ടില്ല. അത് അമേരിക്കയുടെ കാര്യമാണ്, അതിനെ ഞാൻ ബഹുമാനിക്കുന്നു,” അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബ്രിട്ടൻ ഉൾപ്പെടെയുള്ള മറ്റ് സഖ്യകക്ഷികളുടെ പിന്തുണ കുറയുന്നതിൽ ട്രംപ് നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സുഹൃദ് രാജ്യമായ ഓസ്‌ട്രേലിയക്കെതിരെയും അദ്ദേഹം രംഗത്തെത്തിയത്. അതേസമയം, ആഗോളതലത്തിൽ ഇന്ധനവില വർധിക്കാനും സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനും ഈ യുദ്ധം കാരണമാകുന്നുണ്ടെന്ന ആശങ്കയും ഓസ്‌ട്രേലിയ പങ്കുവെച്ചു.

Albany’s response to Trump: No one should advise Australia on Iran

More Stories from this section

family-dental
witywide