
മുംബൈ: താൻ സഹോദരിയായി കരുതുന്ന സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്തെന്നാരോപിച്ച് മുംബൈയിൽ യുവാക്കൾക്ക് നേരെ വെടിയുതിർത്ത് മലയാളി. താനെ ജില്ലയിലെ മുംബ്രയിലുള്ള കൈലാസ് നഗറിൽ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വെടിയേറ്റ മൂന്ന് പേരിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
സംഭവവുമായി ബന്ധപ്പെട്ട് 51 വയസ്സുകാരനായ ജയൻ ശിവാനന്ദൻ നായർ എന്നയാളെ മുംബ്ര പൊലീസ് അറസ്റ്റ് ചെയ്തു. കൈലാസ് നഗറിലെ ബിസ്മില്ല ചൗളിന് സമീപം രാവിലെ 11:30-ഓടെയായിരുന്നു അക്രമം. അക്ബർ അബ്ദുൽ ഷെയ്ഖ് (29) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അബ്ദുൽ ഹസൻ ഷെയ്ഖ് (45), സമീർ അഹമ്മദ് ഷെയ്ഖ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ അടുത്തുള്ള കൽസേക്കർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താൻ സഹോദരിയായി കാണുന്ന സ്ത്രീയെ ഒരു സംഘം ആളുകൾ നിരന്തരം ശല്യം ചെയ്യുന്നതിൽ പ്രകോപിതനായാണ് ജയൻ വെടിയുതിർത്തതെന്നാണ് പ്രാഥമിക വിവരം. മുൻ സൈനിക ഉദ്യോഗസ്ഥനായ ഇയാൾ നാടൻ തോക്ക് ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. വെടിവെപ്പിന് ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് വേഗത്തിൽ പിടികൂടി. ഇയാളിൽ നിന്ന് തോക്കും തിരകളും കണ്ടെടുത്തിട്ടുണ്ട്.
പ്രതിക്കെതിരെ കൊലപാതകം (IPC 302), വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മുംബ്ര പൊലീസ് അറിയിച്ചു.
Allegedly harassing a woman who looked like her sister; Malayali man opens fire on youths in Mumbai, one dead















