
വാഷിംഗ്ടൺ: പതിറ്റാണ്ടുകളായി തുടരുന്ന ശത്രുത അവസാനിപ്പിക്കുന്നതിനും അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ചരിത്രപരമായ ചർച്ചകൾക്ക് അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിംഗ്ടണിൽ തുടക്കമായി. ഇസ്രായേൽ, ലബനൻ, അമേരിക്ക എന്നീ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കുന്ന പ്രാഥമിക ചർച്ചകളാണ് ഇന്ന് ആരംഭിച്ചത്. ഭാവിയിൽ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ട് നടത്താനിരിക്കുന്ന ചർച്ചകളുടെ അജണ്ടയും നിബന്ധനകളും നിശ്ചയിക്കുക എന്നതാണ് ഈ കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ഹിസ്ബുള്ളയെ നിരായുധരാക്കുകയും ഇരുരാജ്യങ്ങളും തമ്മിൽ സുസ്ഥിരമായ സമാധാന ബന്ധം സ്ഥാപിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചർച്ചകൾക്ക് മുൻപായി ഇസ്രായേൽ വെടിനിർത്തലിന് തയ്യാറാകണമെന്ന കർശന നിലപാടിലാണ് ലബനൻ. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ചർച്ചകൾക്കില്ലെന്ന് ലബനൻ അറിയിച്ചപ്പോൾ, ചർച്ചകൾക്ക് മുൻപായി വെടിനിർത്തൽ സാധ്യമല്ലെന്ന നിലപാടിലാണ് ഇസ്രായേൽ. ഈ തർക്കവിഷയങ്ങളിൽ ധാരണയിലെത്താനാണ് അമേരിക്കൻ മധ്യസ്ഥതയിൽ ഇപ്പോൾ ശ്രമം നടക്കുന്നത്.
വാഷിംഗ്ടണിലെ ചർച്ചകളിൽ ലബനനിലെ യുഎസ് അംബാസഡർ മിഷേൽ ഈസ, അമേരിക്കയിലെ ഇസ്രായേൽ അംബാസഡർ യെഹിയേൽ ലൈറ്റർ, ലബനീസ് അംബാസഡർ നാദ ഹമദ മൊവാദ് എന്നിവരാണ് പങ്കെടുക്കുന്നത്. അടുത്ത ആഴ്ച അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ നേരിട്ടുള്ള ചർച്ചകൾക്ക് മുന്നോടിയായുള്ള ഒരുക്കമായാണ് ഇന്നത്തെ കൂടിക്കാഴ്ചയെ നയതന്ത്ര വിദഗ്ധർ കാണുന്നത്. ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ലബനനുമായും ഇസ്രായേൽ ധാരണയിലെത്തുന്നത് പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് വലിയൊരളവ് വരെ അറുതി വരുത്താൻ സഹായിക്കും.














