“ഹോർമുസ് കടലിടുക്കിൽ എന്ത് സംഭവിക്കുന്നു എന്നതിൽ ഇനി അമേരിക്കയ്ക്ക് പങ്കുണ്ടാകില്ല, നിങ്ങളുടെ എണ്ണ നിങ്ങൾ തന്നെ പോയി എടുത്തോളൂ” – ലോകരാജ്യങ്ങളോട് ട്രംപ്

വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിൻ്റെ സുരക്ഷാ ഉത്തരവാദിത്തത്തിൽ നിന്നും അമേരിക്ക പിന്മാറുന്നതായി പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷങ്ങൾ അവസാനിക്കുന്നതോടെ, ഈ മേഖലയിലൂടെ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ സ്വന്തം നിലയ്ക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

“ഹോർമുസ് കടലിടുക്കിൽ എന്ത് സംഭവിക്കുന്നു എന്നതിൽ ഇനി അമേരിക്കയ്ക്ക് പങ്കുണ്ടാകില്ല. ചൈനയും ഫ്രാൻസും ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾ സ്വന്തമായി നിറവേറ്റട്ടെ,” ട്രംപ് വ്യക്തമാക്കി. ആഴ്ചകളായി കപ്പൽ ഗതാഗതം തടസ്സപ്പെട്ടുകിടക്കുന്ന ഹോർമുസ് കടലിടുക്ക് വഴി നിലവിൽ എണ്ണക്കപ്പലുകളുടെ സഞ്ചാരം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്.

നേരത്തെ, കപ്പലുകൾക്ക് യുഎസ് സൈനിക അകമ്പടി നൽകുന്നതിനെക്കുറിച്ച് ട്രംപ് ആലോചിച്ചിരുന്നു. എന്നാൽ, ഗൾഫ് മേഖലയിലെ എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങൾ തന്നെ ഈ ജലപാത തുറക്കാനുള്ള ബാധ്യത ഏറ്റെടുക്കണമെന്നാണ് അദ്ദേഹത്തിൻ്റെ പുതിയ നിലപാട്. അമേരിക്ക ആവശ്യത്തിന് എണ്ണ സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഗൾഫ് രാജ്യങ്ങളെ കാര്യമായി ആശ്രയിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്കിലും കടലിടുക്കിലെ തടസ്സങ്ങൾ കാരണം ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നത് അമേരിക്കയെയും ബാധിക്കുന്നുണ്ട്.

മറ്റു രാജ്യങ്ങൾ ഈ വിഷയത്തിൽ ഇടപെട്ട് തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് സിബിഎസ് ന്യൂസിനോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലും “നിങ്ങളുടെ എണ്ണ നിങ്ങൾ തന്നെ പോയി എടുത്തോളൂ!” എന്ന് ട്രംപ് കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് ഈ പ്രസ്താവന വഴിതെളിച്ചിട്ടുണ്ട്.

പേർഷ്യൻ ഗൾഫിനെയും ഒമാൻ ഉൾക്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതയാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണവ്യാപാരത്തിന്റെ സിരാകേന്ദ്രമായി ഇത് അറിയപ്പെടുന്നു. ഇതിന്റെ വടക്കുഭാഗത്ത് ഇറാനും തെക്കുഭാഗത്ത് ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (UAE) എന്നീ രാജ്യങ്ങളുമാണ് സ്ഥിതി ചെയ്യുന്നത്.

ലോകത്ത് കടൽ മാർഗ്ഗം കടത്തുന്ന എണ്ണയുടെ ഏകദേശം 25 ശതമാനവും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (LNG) 20 ശതമാനവും ഈ പാതയിലൂടെയാണ് കടന്നുപോകുന്നത്. സൗദി അറേബ്യ, ഇറാൻ, യു.എ.ഇ, കുവൈറ്റ്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പെട്രോളിയം ഉൽപ്പന്നങ്ങൾ പ്രധാനമായും ഈ കടലിടുക്ക് വഴിയാണ് കയറ്റി അയക്കുന്നത്.

ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ഈ പാത അത്യന്താപേക്ഷിതമാണ്. ഇറാനുമായുണ്ടായ സംഘർഷങ്ങളെത്തുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ അവകാശപ്പെടുകയും അമേരിക്കൻ, ഇസ്രായേൽ കപ്പലുകൾക്ക് നിരോധനം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാനും ഇറാൻ പദ്ധതിയിടുന്നു. പാത അടഞ്ഞതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണ കടന്നുപോയിരുന്ന സ്ഥാനത്ത് ഇപ്പോൾ വളരെ കുറഞ്ഞ അളവിൽ മാത്രമേ എണ്ണ നീക്കം നടക്കുന്നുള്ളൂ.

More Stories from this section

family-dental
witywide