
ജറുസലേം/വാഷിംഗ്ടൺ: യുദ്ധാനന്തര ഗാസയുടെ പുനർനിർമ്മാണത്തിനും ഭരണക്രമത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിലേക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ക്ഷണിച്ച് വൈറ്റ് ഹൗസ്. ഇസ്രായേലിന്റെ ഔദ്യോഗിക പ്രതിനിധിയായോ അല്ലെങ്കിൽ നെതന്യാഹുവിന് നേരിട്ടോ സമിതിയിൽ അംഗമാകാമെന്നാണ് വാഗ്ദാനമെന്ന് മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ സമിതിയിലെ സ്ഥാപക അംഗമാകുന്ന കാര്യത്തിൽ ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.
ഗാസ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെ ഇസ്രായേലിനുള്ളിൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദം നേരിടുന്ന സാഹചര്യത്തിലാണ് നെതന്യാഹുവിന് ഈ ക്ഷണം ലഭിക്കുന്നത്. ഗാസയുടെ സുരക്ഷാ ചുമതലയുള്ള എക്സിക്യൂട്ടീവ് ബോർഡിൽ ഖത്തറിനെയും തുർക്കിയെയും ഉൾപ്പെടുത്തിയതിനെതിരെ കഴിഞ്ഞ ദിവസം നെതന്യാഹു ശക്തമായ വിയോഗം രേഖപ്പെടുത്തിയിരുന്നു.
ട്രംപ് നയിക്കുന്ന ഈ സമാധാന ബോർഡിലേക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉൾപ്പെടെയുള്ള ലോകനേതാക്കളെയും അമേരിക്ക ക്ഷണിച്ചിട്ടുണ്ട്. ഗാസയിലെ യുദ്ധാനന്തര ഭരണസംവിധാനം എങ്ങനെയായിരിക്കണം എന്നതിൽ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന നിർണ്ണായക നീക്കമായിട്ടാണ് ഈ ബോർഡ് വിലയിരുത്തപ്പെടുന്നത്.













