‘എല്ലാം വളരെ പെട്ടെന്നായിരുന്നു, അയാൾ തന്നെ എടുത്തുയർത്തി’; ആരാധകനിൽ നിന്നുള്ള ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് അനൗഷ്‌ക ശങ്കർ

പ്രശസ്ത ബ്രിട്ടീഷ്-അമേരിക്കൻ സംഗീതജ്ഞയും സിത്താർ വാദകയുമായ അനൗഷ്‌ക ശങ്കർ ഒരു ആരാധകനിൽ നിന്ന് നേരിട്ട അസ്വസ്ഥകരമായ അനുഭവം തുറന്നുപറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഗീതപരിപാടിക്കുശേഷം ഉണ്ടായ സംഭവത്തെക്കുറിച്ച് അവർ വിശദീകരിച്ചത്. ഷോ കഴിഞ്ഞ് ആരാധകരെ കാണാനെത്തിയപ്പോൾ, ഒരാൾ അനുവാദം ചോദിച്ചതിന് പിന്നാലെ മറുപടി കേൾക്കാൻ പോലും കാത്തുനിൽക്കാതെ തന്നെ എടുത്തുയർത്തിയെന്നാണ് അനൗഷ്‌ക പറയുന്നത്. ‘ഒരു അപരിചിതന്റെ കരടിപോലെയുള്ള ആലിംഗനമായിരുന്നു അത്. എന്റെ കാലുകൾ വായുവിൽ തൂങ്ങിനിന്നു. എല്ലാം വളരെ പെട്ടെന്ന് നടന്നു. ഞാൻ ചിരിച്ചുകൊണ്ട് തന്നെ എന്നെ താഴെ നിർത്താൻ ആവശ്യപ്പെട്ടു. പിന്നീട് അയാൾ കൊണ്ടുവന്ന പോസ്റ്ററിൽ ഒപ്പുവെക്കുകയും പുഞ്ചിരിച്ചും കൈവീശിയും ഞാൻ മുന്നോട്ട് പോകുകയും ചെയ്തു,’ എന്നാണ് അവർ കുറിച്ചത്.

സംഭവത്തിന് പിന്നാലെ, ആരാധകന്റെ പ്രവൃത്തി ദുരുദ്ദേശ്യത്തോടെയല്ലെന്നും അമിത ആവേശത്തിന്റെ ഭാഗമായിട്ടായിരിക്കാമെന്നും ആദ്യം താൻ കരുതിയതായി അനൗഷ്‌ക പറഞ്ഞു. എന്നാൽ പിന്നീട് ആ അനുഭവം വൈകാരികമായി തന്നെ ബാധിച്ചുവെന്ന് അവർ തുറന്നുപറഞ്ഞു. വ്യക്തിപരമായ അതിരുകൾ ലംഘിക്കപ്പെട്ട ആ നിമിഷത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാതിരുന്നതായും, സ്വന്തം അസ്വസ്ഥതയെ അവഗണിച്ചതായും അവർ പറഞ്ഞു.

ഇത്തരം അനുഭവങ്ങൾ ആളുകളിൽ നാണക്കേടും നിരാശയും സൃഷ്ടിക്കാമെന്നും, അതിന്റെ ആഘാതം ചിലപ്പോൾ വർഷങ്ങൾക്കിപ്പുറവും മനസ്സിൽ മുറിവുകൾ ഉണ്ടാക്കാമെന്നും അവർ കുറിപ്പിൽ പറയുന്നു. ‘ഒരു നിമിഷം മതി, ഉള്ളിൽ മറഞ്ഞിരിക്കുന്ന മുറിവുകൾ വീണ്ടും പുറത്ത് വരാൻ. അതിനൊപ്പം കുട്ടിക്കാലത്തെ ഓർമകളും ഉയർന്നുവരാറുണ്ട്,’ എന്നും അനൗഷ്‌ക വ്യക്തമാക്കി.

ഇത്തരത്തിലുള്ള അനുഭവങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നവരോട് സ്വയം സാവധാനം പെരുമാറണമെന്നും, ഇത്തരം മുറിവുകളിൽ നിന്ന് മുക്തിയിലേക്ക് എളുപ്പവഴികളില്ലെന്നും അവർ ഉപദേശിച്ചു. ‘ഒരു നിമിഷം നിങ്ങൾക്ക് നിങ്ങളുടെ ശബ്ദം നഷ്ടമായെന്ന് തോന്നിയാലും, അത് നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ടെന്ന് ഓർക്കുക,’ എന്ന വാക്കുകളോടെയാണ് അനൗഷ്‌ക ശങ്കർ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

More Stories from this section

family-dental
witywide