
അമേരിക്കയിലെ ഒരു പ്രമുഖ കോളേജിൽ പ്രവേശനം ലഭിച്ചതോടെ 20 വയസ്സുകാരനായ ആ മിടുക്കൻ അതീവ സന്തോഷവാനായിരുന്നു. നാട്ടിൽ പഠനത്തിൽ മിടുക്കുകാട്ടിയും സയൻസ് മത്സരങ്ങളിൽ വിജയിയുമായിരുന്ന അവൻ്റെ ആവേശമെല്ലാം പക്ഷേ ആറുമാസത്തിനുള്ളിൽ അസ്തമിച്ചുപോയി. മാതാപിതാക്കൾ വിളിക്കുമ്പോൾ അവൻ്റെ ശബ്ദത്തിൽ പഴയ ഊർജ്ജമില്ലായിരുന്നു. മറുപടികൾ വെറും ഒറ്റവാക്കിലൊതുങ്ങി, പഠനത്തിൽ ഗ്രേഡുകൾ കുറയാൻ തുടങ്ങി. “ഇവിടെ എല്ലാവരും എന്നെക്കാൾ മിടുക്കരാണ്, ഞാൻ വെറുമൊരു ശരാശരിക്കാരൻ മാത്രം. എനിക്ക് നല്ല സുഹൃത്തുക്കളില്ല, ഇവിടുത്തെ സംസ്കാരവുമായി പൊരുത്തപ്പെടാൻ കഴിയുന്നില്ല… ഞാൻ ഇവിടെ ആർക്കും വേണ്ടാത്തവനായി മാറുന്നു. മാതാപിതാക്കളുടെ പണം ചിലവാക്കുന്നതിൽ എനിക്ക് കുറ്റബോധം തോന്നുന്നു,” മുംബൈയിലെ സൈക്കോളജിസ്റ്റ് ഉർവശി മുസാലെയോട് ഒരു ടെലികൺസൾട്ടേഷനിടെ അവൻ തൻ്റെ സങ്കടം പങ്കുവെച്ചു, മനസു തുറന്നു.

ഐഡന്റിറ്റി കൊളാപ്സ്
മുസാലെയുടെ അഭിപ്രായത്തിൽ ഇതാണ് ഐഡന്റിറ്റി കൊളാപ്സ് . ഒരാൾ തന്റെ വ്യക്തിത്വത്തെ ഏതെങ്കിലും ഒരു പ്രത്യേക റോളുമായോ (ഉദാഹരണത്തിന് ‘മിടുക്കനായ വിദ്യാർത്ഥി’), കരിയറുമായോ ബന്ധിപ്പിച്ചു നിർത്തുമ്പോൾ, പുതിയ സാഹചര്യത്തിൽ ആ പദവി നഷ്ടപ്പെടുന്നത് അവരെ തളർത്തിക്കളയും. ഇത് വൈകാരികമായ മരവിപ്പിനും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിലെ പ്രയാസങ്ങൾക്കും വഴിവെക്കും. കാലിഫോർണിയയിൽ കർണാടക സ്വദേശിയായ സാകേത് ശ്രീനിവാസയ്യ എന്ന 22-കാരൻ്റെ മരണം വിദേശത്തെ ഇന്ത്യൻ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. സാകേത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും, ആരോടും സംസാരിക്കാതെ ചിപ്‌സും കുക്കീസും മാത്രം കഴിച്ച് മുറിയിൽ ഒതുങ്ങിക്കൂടുകയും ചെയ്തിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു.

ഉള്ളുലയ്ക്കുന്ന സമ്മർദ്ദവും കുറ്റബോധവും
നാട്ടിലായിരിക്കെ പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്നവരാണ് വിദേശത്ത് നിശബ്ദമായി കഷ്ടപ്പെടുന്നത് എന്ന് മുസാലെ വ്യക്തമാക്കുന്നു. “ഇന്ത്യയിൽ ഒരു വിദ്യാർത്ഥിയുടെ വ്യക്തിത്വം അവൻ്റെ മാർക്കിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മാതാപിതാക്കളുടെ സംസാരം എപ്പോഴും പഠനം, കരിയർ, മത്സരങ്ങൾ എന്നിവയെക്കുറിച്ചായിരിക്കും. അതുകൊണ്ട് തന്നെ വിദേശ സർവകലാശാലകളിൽ എത്തുമ്പോൾ, താൻ പ്രതീക്ഷിച്ചതുപോലെ തിളങ്ങാൻ പറ്റുന്നില്ല എന്ന തിരിച്ചറിവ് വിദ്യാർത്ഥികളിൽ കടുത്ത സമ്മർദ്ദമുണ്ടാക്കുന്നു. മാതാപിതാക്കൾ ചിലവാക്കിയ ലക്ഷക്കണക്കിന് രൂപയെക്കുറിച്ചുള്ള കുറ്റബോധം അവരെ വേട്ടയാടുന്നു.”
തൻ്റെ പേഷ്യൻ്റിന് ക്ലാസ് സ്കോറുകളെക്കുറിച്ച് ഓർത്ത് പാനിക് അറ്റാക്കുകൾ പോലും ഉണ്ടായിരുന്നതായി മുസാലെ പറഞ്ഞു. പഠനഭാരം കാരണം അവന് ആവശ്യത്തിന് ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല.

എന്താണ് പരിഹാരം ?
മാനസികമായി തകർന്നിരുന്ന അവനെ സഹായിക്കാൻ മുസാലെ തിരഞ്ഞെടുത്തത് ‘കോഗ്നിറ്റീവ് റീസ്ട്രക്ചറിംഗ്’ എന്ന രീതിയാണ്. അതായത് നെഗറ്റീവ് ചിന്തകളെ മാറ്റി നിർത്തി യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങളെ കാണാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. അവനെ വെറുമൊരു വിദ്യാർത്ഥി എന്നതിലുപരി ഒരു വ്യക്തിയായി കാണാൻ ശീലിപ്പിക്കുക എന്നതായിരുന്നു വലിയൊരു മാറ്റത്തിലേക്ക് നയിച്ചത്. സ്കെച്ചിംഗിലും വരയിലും അവനുള്ള കഴിവ് തിരിച്ചറിഞ്ഞ മുസാലെ, ക്യാമ്പസിലെ ഒരു ആർട്ട് ക്ലബ്ബിൽ ചേരാൻ നിർദ്ദേശിച്ചു. അവിടെ മാർക്കിന് സ്ഥാനമില്ലാത്തതിനാൽ അവൻ ആസ്വദിച്ചു തുടങ്ങുകയും പുതിയ സൗഹൃദങ്ങൾ കണ്ടെത്തുകയും ചെയ്തു. ഇനിയാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി നിർദേശിച്ചത്, മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നതിന് പകരം, താൻ കഴിഞ്ഞ ആഴ്ചയിൽ നിന്ന് എത്രത്തോളം മെച്ചപ്പെട്ടു എന്നറിയാൻ ഒരു ട്രാക്കർ സൂക്ഷിക്കാൻ ആവശ്യപ്പെട്ടു. ഇത് അവന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചു.

സാംസ്കാരിക പൊരുത്തപ്പെടൽ
വിദേശത്തെ ഡേറ്റിംഗ് സംസ്കാരം, ക്ലാസ് കമ്മ്യൂണിക്കേഷൻ എന്നിവയെക്കുറിച്ച് അവനെ ബോധവാനാക്കി. എല്ലാവരെയും അനുകരിക്കാൻ ശ്രമിക്കാതെ, ഒരു നിരീക്ഷകനായി ഇരുന്നുകൊണ്ട് കാര്യങ്ങൾ മനസ്സിലാക്കാൻ അവനെ പഠിപ്പിച്ചു.
“മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും എന്നത് അംഗീകരിക്കുകയാണ് പ്രധാനം,” മുസാലെ കൂട്ടിച്ചേർക്കുന്നു. ‘എല്ലാം അല്ലെങ്കിൽ ഒന്നുമില്ല’ എന്ന ചിന്താഗതിയിൽ നിന്ന് ‘എല്ലാം എന്തിനെങ്കിലും വേണ്ടി’ എന്ന രീതിയിലേക്ക് അവനെ മാറ്റിയതോടെ ജീവിതത്തിലേക്ക് അവൻ തിരികെ വന്നു- മുസാലെ പറയുന്നു.
മാതാപിതാക്കൾക്കും വേണം പരിശീലന ക്ലാസ്
മാതാപിതാക്കൾക്കായി ഒരു പരിശീലന ക്ലാസ് എന്ന നിലയിൽ ഡോ. മുസാലെ നൽകുന്ന നിർദ്ദേശങ്ങൾ വലിയ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഇന്ത്യൻ മാതാപിതാക്കൾ പലപ്പോഴും മക്കളുമായി പഠനത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. “പഠനനിലവാരം ചോദിച്ചറിയുന്ന രീതിയിൽ നിന്ന് മാറി അവരുടെ മാനസികാവസ്ഥയെക്കുറിച്ച് ചോദിച്ചറിയാൻ ഞാൻ മാതാപിതാക്കളോട് പറയാറുണ്ട്. മക്കൾ എന്തെങ്കിലും ബുദ്ധിമുട്ട് പറയുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്തരായി പ്രതികരിക്കാറുണ്ട്. അതിനുപകരം അവരുടെ പഠനേതര കാര്യങ്ങളിൽ താല്പര്യം കാണിക്കുക, അവർ അനുഭവിക്കുന്ന മാനസികമായ ഏകാന്തതയെ ഉൾക്കൊള്ളുക, ഹൃദയം തുറന്നുള്ള സംഭാഷണങ്ങൾ നടത്തുക എന്നിവ ശീലിക്കണം. തങ്ങൾ ഏറ്റവും മോശം അവസ്ഥയിലായിരിക്കുമ്പോൾ പോലും നിങ്ങളോട് അത് തുറന്നു പറയാൻ മക്കളെ പ്രോത്സാഹിപ്പിക്കണം. പ്രധാനമായും, അവർക്കായി ചിലവാക്കിയ പണത്തെക്കുറിച്ചോ പ്രമുഖ കമ്പനികളിലോ ജോലി ചെയ്യുന്ന ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ അവരെ താരതമ്യം ചെയ്യുകയോ ചെയ്യരുത്,” മുസാലെ ഉപദേശിക്കുന്നു.

പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതിൻ്റെ ലക്ഷണങ്ങൾ കുട്ടികൾ പ്രകടിപ്പിക്കുമ്പോൾ അത് തിരിച്ചറിയാൻ മാതാപിതാക്കൾ ശ്രമിക്കണം. പലപ്പോഴും ചുറ്റുമുള്ള പുതിയ ആളുകൾ ഗൗരവമായി എടുക്കാത്ത ലക്ഷണങ്ങൾ പോലും മാതാപിതാക്കൾ ശ്രദ്ധിക്കണം. “നാട്ടിലെ സംസ്കാരം, ഭക്ഷണം, കുടുംബം, ശീലങ്ങൾ എന്നിവയോടുള്ള തീവ്രമായ ആഗ്രഹം ഏകാന്തതയ്ക്ക് കാരണമാകും. വിദേശത്തെത്തിയ ആദ്യ മാസങ്ങളിൽ, പഠനനിലവാരത്തിൻ്റെ പേരിൽ അവർ വിലയിരുത്തപ്പെടുന്ന സമയത്ത് ഈ വികാരം ഏറ്റവും ശക്തമായിരിക്കും,” അവർ പറയുന്നു. മിക്ക വിദേശ സർവ്വകലാശാലകളും വിദേശ വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ പിന്തുണയും ഓറിയന്റേഷനും നൽകുന്നുണ്ട്. “ചെറിയൊരു അവബോധം പോലും വലിയ മാറ്റമുണ്ടാക്കും. ആ കുട്ടി ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി, നല്ല ഗ്രേഡുകൾ വാങ്ങുന്നുണ്ട്. അതിലുപരി, കരിയറിൽ മറ്റ് സാധ്യതകളും അവൻ തുറന്നിടുന്നു,” മുസാലെ കൂട്ടിച്ചേർത്തു.
വിദേശ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന ഏകാന്തതയും മാനസികാരോഗ്യ പ്രതിസന്ധിയും എത്ര ഗൗരവകരമായ ഒരു വിഷയമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മാനസികമായ ബുദ്ധിമുട്ടുകൾ തുറന്നുപറയാനുള്ള മടിയും സഹായം തേടുന്നത് ബലഹീനതയായി കാണുന്ന പ്രവണതയും ഈ പ്രതിസന്ധിയെ നിശബ്ദകൊലയാളിയാക്കി മാറ്റുന്നുണ്ട്.
Lonely in a foreign university, Are our children happy abroad?














