ഇന്ത്യാക്കാര്‍ വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നത് വൻതുക; 10 വര്‍ഷത്തിനിടെ മുടക്കിയത് 1.76 ലക്ഷം കോടി

ന്യൂഡൽഹി: വിദേശത്തുപോയി ഉന്നത വിദ്യാഭ്യാസം നേടുക എന്നത് ഇന്ത്യയിലെ നിരവധി വിദ്യാര്‍ത്ഥികളുടെ സ്വപനമാണ്. ഇപ്പോഴിതാ വന്‍തുകയാണ് ഇന്ത്യാക്കാര്‍ വിദേശ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ 1.76 ലക്ഷം കോടി രൂപ വിദേശത്തേക്ക് അയച്ചിട്ടുണ്ട്. റിസര്‍വ് ബാങ്കിലെ കണക്കുകള്‍ പ്രകാരമാണിത്. ഇന്ത്യാ ടുഡേക്ക് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ആര്‍ ബി ഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഒരു ദശാബ്ദം മുമ്പ്, വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യാക്കാര്‍ ചെലവഴിച്ചിരുന്നത് 2,429 കോടി രൂപയായിരുന്നു. എന്നാല്‍ ഈ ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന തുക അയച്ച 2023 -24 വർഷങ്ങളില്‍ പോലും അതിനേക്കാള്‍ കൂടുതലാണ് തുക. 2023-24 ല്‍ മാത്രം 29,000 കോടി രൂപയാണ് വിദേശ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ ചിലവഴിച്ചത്. ഈ കണക്ക് ഏറ്റവും ഉയര്‍ന്നത് 2022-23 ലാണ്. അന്ന് 29,171 കോടി രൂപയായിരുന്നു ഇന്ത്യക്കാര്‍ മുടക്കിയത്. ഈ കണക്കുകള്‍ പരിശോധിച്ചാൽ ഒരു ദശാബ്ദത്തിനിടെ വിദേശ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യാക്കാരുടെ പണമയക്കല്‍ ഏകദേശം 1200% വര്‍ദ്ധിച്ചെന്ന് വ്യക്തമാകും.