ആദ്യ വനിതയും കറുത്തവർഗ്ഗക്കാരനും ചന്ദ്രനെ ചുറ്റി മടങ്ങി; ചരിത്രമെഴുതി ആർട്ടിമിസ് 2 , പസിഫിക് സമുദ്രത്തിൽ ചരിത്രപരമായ ലാൻഡിംഗ്!

വാഷിംഗ്ടൺ: ലോകം ശ്വാസമടക്കിപ്പിടിച്ചു കാത്തിരുന്ന ആ നിമിഷം ഒടുവിൽ യാഥാർത്ഥ്യമായി. അരനൂറ്റാണ്ടിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആർട്ടിമിസ് 2 ദൗത്യം വിജയകരമായി പൂർത്തിയായി. നാല് ബഹിരാകാശ യാത്രികരുമായി പോയ ഓറിയൺ പേടകം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 5.37-ന് കാലിഫോർണിയ തീരത്തിന് സമീപം പസിഫിക് സമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. 10 പകലും രാത്രിയും നീണ്ടുനിന്ന യാത്രയിൽ ചന്ദ്രൻ്റെ ഉപരിതലത്തിൽ നിന്ന് വെറും 8,000 കിലോമീറ്റർ അടുത്തുവരെ പേടകം എത്തിയിരുന്നു. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായാണ് മനുഷ്യൻ ചന്ദ്രനെ ഇത്രയടുത്ത് കാണുന്നത്.

കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസെൻ എന്നിവരാണ് ഈ ചരിത്രയാത്രയിൽ പങ്കാളികളായത്. ഇതിൽ വിക്ടർ ഗ്ലോവർ ചന്ദ്രനിലേക്ക് പോകുന്ന ആദ്യ കറുത്തവർഗ്ഗക്കാരനായും, ക്രിസ്റ്റീന കോച്ച് ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിതയായും ചരിത്രത്തിൽ ഇടംപിടിച്ചു.

ആർട്ടിമിസ് 2-ൻ്റെ ഈ വൻ വിജയം അടുത്ത ഘട്ടമായ ആർട്ടിമിസ് 3-ലേക്ക് വഴിതുറക്കുകയാണ്. 2026-ൽ തന്നെ മനുഷ്യനെ ചന്ദ്രൻ്റെ ഉപരിതലത്തിൽ ഇറക്കാനാണ് നാസ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായി പേടകത്തിൻ്റെ സുരക്ഷയും സാങ്കേതിക വിദ്യയും പരീക്ഷിക്കുക എന്നതായിരുന്നു ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

നാസയുടെ ഒറിയോൺ (Orion) പേടകം ആധുനിക ബഹിരാകാശ സാങ്കേതികവിദ്യയുടെ വിസ്മയമാണ്. ദീർഘദൂര ചാന്ദ്രയാത്രകൾക്കായി രൂപകൽപ്പന ചെയ്ത ഈ പേടകത്തിന് കഠിനമായ വികിരണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ട്. പേടകത്തിന്റെ സുപ്രധാന ഭാഗമായ ‘ഹീറ്റ് ഷീൽഡ്’ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഏകദേശം 2,800 ഡിഗ്രി സെൽഷ്യസ് ചൂടിനെ പ്രതിരോധിക്കാൻ പ്രാപ്തമാണ്. കൂടാതെ, യാത്രികർക്ക് സുരക്ഷിതമായി ശ്വസിക്കാനും ജീവിക്കാനും ആവശ്യമായ അത്യാധുനിക ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങളും, ഭൂമിയുമായുള്ള ആശയവിനിമയത്തിനായി ലേസർ അധിഷ്ഠിത വാർത്താവിനിമയ സംവിധാനങ്ങളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

ഒറിയോണിൻ്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നതിനായി വികസിപ്പിച്ചെടുത്ത യൂറോപ്യൻ സർവീസ് മോഡൽ (ESM) ആണ് ഈ പേടകത്തിന് ആവശ്യമായ കരുത്ത് പകരുന്നത്. പേടകത്തിന് സഞ്ചരിക്കാനുള്ള ഊർജ്ജം, വെള്ളം, ഓക്സിജൻ എന്നിവ നൽകുന്നത് ഈ ഭാഗമാണ്. സോളാർ പാനലുകൾ ഉപയോഗിച്ച് സൂര്യപ്രകാശത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനൊപ്പം, പേടകത്തിൻ്റെ ദിശ കൃത്യമായി നിലനിർത്താനുള്ള എഞ്ചിനുകളും ഇതിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ സാങ്കേതികവിദ്യകൾ ഒത്തുചേരുന്നതുകൊണ്ടാണ് ആർട്ടെമിസ് 2 സംഘത്തിന് ചന്ദ്രൻ്റെ മറുപുറം വരെ സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്നത്.

യാത്രയ്ക്കിടയിൽ പകർത്തിയ അപൂർവ്വ ദൃശ്യങ്ങൾ ലോകത്തെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തുന്നതാണ്. ചന്ദ്രൻ്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 10,000 കിലോമീറ്റർ മാത്രം അകലെയുള്ള ദൃശ്യങ്ങൾ യാത്രികർ പകർത്തിയിട്ടുണ്ട്. ചന്ദ്രൻ്റെ വിസ്തൃതമായ ഗർത്തങ്ങളും, ഇതുവരെ മനുഷ്യർ നേരിട്ട് കാണാത്ത ചന്ദ്രൻ്റെ മറുഭാഗത്തെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. കറുത്ത ശൂന്യാകാശത്തിൻ്റെ പശ്ചാത്തലത്തിൽ വെള്ളി നിറത്തിൽ തിളങ്ങുന്ന ചന്ദ്രൻ്റെ ദൃശ്യങ്ങൾ ഭൂമിയിലെ നിയന്ത്രണ കേന്ദ്രത്തിലേക്ക് തത്സമയം അയച്ചിരുന്നു.

ഈ യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്ച ‘എർത്ത് റൈസ്’ (Earthrise) അഥവാ ചന്ദ്രൻ്റെ ചക്രവാളത്തിൽ നിന്ന് ഭൂമി ഉദിച്ചുയരുന്ന ദൃശ്യമാണ്. കോടിക്കണക്കിന് മനുഷ്യർ വസിക്കുന്ന നീലനിറത്തിലുള്ള നമ്മുടെ കൊച്ചു ഭൂമി ദൂരെ ഒരു മുത്തുപോലെ തിളങ്ങുന്നത് യാത്രികർ ക്യാമറയിൽ പകർത്തി. ഇരുണ്ട ബഹിരാകാശത്ത് ഭൂമി എത്രത്തോളം സുരക്ഷിതമായി സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന് ഈ ദൃശ്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. വരാനിരിക്കുന്ന ചാന്ദ്ര ദൗത്യങ്ങൾക്കും ഗവേഷണങ്ങൾക്കും ഈ ചിത്രങ്ങളും വീഡിയോകളും വലിയൊരു മുതൽക്കൂട്ടാണ്.

ഭൂമിയിൽ തിരിച്ചെത്തിയ യാത്രികർക്ക് ലോകമെമ്പാടുനിന്നും അഭിനന്ദന പ്രവാഹമാണ്. മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്തുന്ന ആ സുദിനത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന് ഈ വിജയം ഉറപ്പിക്കുന്നു.

Artemis 2 returns from the moon, makes historic landing in the Pacific Ocean!

More Stories from this section

family-dental
witywide