
ടോക്കിയോ: പശ്ചിമേഷ്യയിലെ യുദ്ധം ആഗോള എണ്ണ വിപണിയെ പിടിച്ചുലയ്ക്കുമ്പോൾ, ജപ്പാനിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. അടുത്ത വ്യാഴാഴ്ച വാഷിംഗ്ടണിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടക്കാനിരിക്കുന്ന നിർണ്ണായക കൂടിക്കാഴ്ച ജപ്പാൻ പ്രധാനമന്ത്രി സനാ തകായ്‌ച്ചിക്ക് വലിയൊരു നയതന്ത്ര വെല്ലുവിളിയായിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കുന്നതിനൊപ്പം, ഇറാന്‍റെ നീക്കങ്ങൾ മൂലം തടസ്സപ്പെട്ട എണ്ണ ഇറക്കുമതി പുനഃസ്ഥാപിക്കുക എന്ന ഇരട്ട ദൗത്യമാണ് ജപ്പാനു മുന്നിലുള്ളത്.
മിഡിൽ ഈസ്റ്റിൽ നിന്നുള്ള എണ്ണയെ വലിയ തോതിൽ ആശ്രയിക്കുന്ന ജപ്പാനെ സംബന്ധിച്ചിടത്തോളം ഹോർമുസ് കടലിടുക്കിന്റെ ഉപരോധം കനത്ത തിരിച്ചടിയാണ്. രാജ്യത്ത് പെട്രോൾ വില കുതിച്ചുയരുന്നത് തടയാൻ ലിറ്ററിന് 170 യെൻ (ഏകദേശം 1.07 ഡോളർ) എന്ന നിരക്കിൽ വില നിയന്ത്രിക്കാൻ സബ്‌സിഡി നൽകുന്ന കാര്യം ടോക്കിയോ ആലോചിക്കുന്നുണ്ട്. എണ്ണക്ഷാമം ഭയന്ന് ജനങ്ങൾ ഇന്ധനം പൂഴ്ത്തിവെക്കുന്നത് ഒഴിവാക്കാൻ 80 ദശലക്ഷം ബാരൽ എണ്ണ കരുതൽ ശേഖരത്തിൽ നിന്ന് വിപണിയിലെത്തിക്കാനും തകായ്‌ച്ചി ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
പരമ്പരാഗതമായി ഇറാനുമായി നല്ല ബന്ധം പുലർത്തുന്ന രാജ്യമാണ് ജപ്പാൻ. എന്നാൽ ഇറാന്റെ മിസൈൽ ആക്രമണങ്ങളെയും കടലിടുക്ക് ഉപരോധത്തെയും ട്രംപ് ഭരണകൂടം നേരിടുന്ന രീതിയെ പരസ്യമായി വിമർശിക്കാൻ ജപ്പാൻ തയ്യാറായിട്ടില്ല. അമേരിക്കയുമായുള്ള സൈനിക സഖ്യം ജപ്പാന്‍റെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായതിനാലാണിത്. എങ്കിലും, ജപ്പാനിലെ എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സംരക്ഷണം നൽകാൻ സ്വയം പ്രതിരോധ സേനയെ അയക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടാൽ അത് വലിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമാകും.
ചൈനയുമായുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ പിന്തുണ ജപ്പാന് അത്യാവശ്യമാണ്. എന്നാൽ സ്വന്തം രാജ്യത്തെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാന്റെ മേൽ സമ്മർദ്ദം ചെലുത്താൻ വാഷിംഗ്ടണിനോട് ആവശ്യപ്പെടേണ്ടിയും വരും. ലോകത്തിലെ ഏറ്റവും ശക്തയായ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന സനാ തകായ്‌ച്ചി, ട്രംപുമായി നടത്തുന്ന ഈ കൂടിക്കാഴ്ച ജപ്പാന്റെ ഭാവി സാമ്പത്തിക ഭദ്രതയിൽ നിർണ്ണായകമാകും.














