കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്, വോട്ടെണ്ണൽ മേയ് 4

ന്യൂഡൽഹി: മൂന്നാഴ്ച അപ്പുറം കേരളത്തിൽ വോട്ടെടുപ്പ്. ഒറ്റഘട്ടമായി ഏപ്രിൽ 9ന് കേരളത്തിൽ തിരഞ്ഞെടുപ്പ് . വോട്ടെണ്ണൽ മേയ് 4ന്. അസാമിലും പുതുച്ചേരിയിലും ഇതേ ദിവസങ്ങളിൽ തന്നെയാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ടു ഘട്ടങ്ങളായി ഏപ്രിൽ 23, 29 തീയതികളിൽ വോട്ടെടുപ്പ് നടക്കും. എല്ലായിടത്തും വോട്ടെണ്ണൽ മേയ് നാലിനാണ്.

മാർച്ച് 16-ന് ഗസറ്റ് വിജ്ഞാപനം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 23-ാം തീയതിയാണ്. നാമനിർദേശപത്രികാ പരിശോധന മാർച്ച് 24-ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാനതീയതി മാർച്ച് 26 ആണ്. കേരളത്തിൽ പ്രചാരണത്തിന് ഇനി 24 ദിവസം മാത്രമാണ് മുന്നിലുള്ളത്.

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകീട്ട് നാലുമണിക്ക് നടന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉൾപ്പെടെയുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഈ സംസ്ഥാനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. വോട്ടർമാരുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 1.38 കോടി സ്ത്രീ വോട്ടർമാരും 1.82 പുരുഷ വോട്ടർമാരും പട്ടികയിലുണ്ട്. ഇത്തവണ 4.24 ലക്ഷം കന്നി വോട്ടർമാരാണ് ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ഒരുങ്ങുന്നത്. വോട്ടിങ് മെഷീനുകളിൽ ഇക്കുറി വോട്ടർമാർക്ക് സ്ഥാനാർഥികളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി സ്ഥാനാർഥികളുടെ കളർ ഫോട്ടോ മെഷീനിൽ പതിപ്പിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എട്ടു ദിവസത്തിനകം പത്രി സമർപ്പിക്കണമെന്നത് രാഷ്ട്രീയ കക്ഷികൾക്കു മുന്നിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

കേരളത്തിലെ പോരാട്ടം

കേരളത്തിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. തുടർച്ചയായ മൂന്നാംവട്ടവും അധികാരത്തിലെത്തി വീണ്ടും ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ഭരണം തിരിച്ചുപിടിക്കാനായി യുഡിഎഫും ഇതുവരെ കാഴ്ചവെയ്ക്കാത്ത മുന്നേറ്റം ലക്ഷ്യമിട്ട് എൻഡിഎയും തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നു.

മറ്റുസംസ്ഥാനങ്ങൾ

തമിഴ്നാട്: മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രണ്ടാം തവണയും അധികാരം ലക്ഷ്യമിടുമ്പോൾ, അണ്ണാ ഡിഎംകെ – ബിജെപി സഖ്യം ശക്തമായ വെല്ലുവിളി ഉയർത്തുന്നു

നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശവും അദ്ദേഹത്തിന്റെ പാർട്ടിയായ ടിവികെയും ഇത്തവണ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയമാണ്

പശ്ചിമ ബംഗാൾ: മമത ബാനർജി നാലാം തവണയും ഭരണത്തുടർച്ച തേടുമ്പോൾ ബിജെപി അധികാരം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ്.

അസം: മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രണ്ടാം തവണയും ഭരണമുറപ്പിക്കാൻ ശ്രമിക്കുമ്പോൾ ഗൗരവ് ഗോഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവ് ലക്ഷ്യമിടുന്നു.

പുതുച്ചേരി: മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എൻ.ആർ കോൺഗ്രസ് മൂന്നാം തവണയും അധികാരം ലക്ഷ്യമിടുന്നു.

More Stories from this section

family-dental
witywide