
കോട്ടയം – രാഷ്ട്രീയ അതികായന്മാരുടെ ജില്ല. കേരള കോണ്‍ഗ്രസിന്റെ ഈറ്റില്ലം. രാഷ്ട്രീയ പ്രബുദ്ധതമായ ജനതയും ഫലഭൂയിഷ്ഠമായ മണ്ണും ഉള്ള ഇടം. പാർട്ടികളോടുള്ള അതിവൈകാരിക കൂറിനപ്പുറം നേതൃത്വത്തിന്റെ വിശ്വാസ്യതയും ഭരണപരമായ മികവും നോക്കി പ്രായോഗികമായ നിലപാടെക്കാനാണ് കോട്ടയത്തിന് ഇഷ്ടം. അധികാരം എന്നത് ഇവിടെ നിശബ്ദമായി അംഗീകരിക്കപ്പെടുകയല്ല, മറിച്ച് നിരന്തരമായ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമാവുകയാണ് ചെയ്യുന്നത്. ഇത്തവണയും കോട്ടയത്തിന്റെ കോട്ടകൾ പിടിക്കാൻ കേരളത്തിലെ മികച്ച നേതാക്കളാണ് ഇറങ്ങുന്നത്. കോട്ടയം കൈ കരുത്ത് കാട്ടുമോ അതോ എൽജിഎഫിനൊപ്പം നിന്ന് കേരള കോൺഗ്രസിൻ്റെ രണ്ടില തളിർക്കുമോ ?
കോട്ടയ തലമുറമാറ്റം കണ്ട പതിറ്റാണ്ടാണ് കടന്നു പോകുന്നത്. കേരള കോണ്‍ഗ്രസുകള്‍ക്ക് ജില്ലയില്‍ അടിപതറിയ കാലം കൂടിയായിരുന്നു ഇത്. 2021 ലെ കണക്കുകള്‍ പ്രകാരം കോട്ടയത്ത് എല്‍ഡിഎഫിനാണ് കരുത്ത്. ഒന്‍പതില്‍ അഞ്ചിടത്ത് എല്‍ഡിഎഫും, നാലിടത്ത് യുഡിഎഫും വിജയിച്ചു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽകൈ
കോട്ടയം ജില്ലയിൽ ആകെ 9 നിയമസഭാ മണ്ഡലങ്ങൾ

പാലാ
സ്ഥാനാർഥികൾ: പാലാ: ജോസ് കെ മാണി (KC-M) | മാണി സി കാപ്പൻ (KDP) | ഷോൺ ജോർജ് (BJP)
കേരളത്തിലെ അതികായനായ കെ. എം മാണിയുടെ സ്വന്തം പാലാ പക്ഷേ കഴിഞ്ഞ രണ്ട് തവണയായി കെ എം മാണിയുടെ പാര്‍ട്ടിയോട് മുഖം തിരിച്ചു.
1967 മുതല്‍ 2019 ല്‍ അന്തരിക്കും വരെ കെ എം മാണിയായിരുന്നു പാലയുടെ ജനപ്രതിനിധി. 2019ല്‍ ഏപ്രിലില്‍ മാണിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനെ പാല കൈവിട്ടു. എന്‍സിപി സ്ഥാനാര്‍ഥിയായി എല്‍ഡിഎഫിനായി മത്സരിച്ച മാണി സി കാപ്പന്‍ പാല പിടിച്ചെടുത്തു. കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായ ജോസ് ടോം പുളിക്കുന്നേല്‍ പരാജയം രുചിച്ചു.
2021ല്‍ സാഹചര്യങ്ങള്‍ വീണ്ടും മാറി. ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തി. ഇടത് എംഎല്‍എ ആയിരുന്ന മാണി സി കാപ്പന്‍ യുഡിഎഫിലും എത്തി. ജോസ് കെ മാണിയും മാണി സി കാപ്പനും മത്സരിച്ച തെരഞ്ഞെടുപ്പിലും വിജയം യുഡിഎഫിന് ഒപ്പം നിന്നു. ജോസ് കെ മാണിയെ 15378 വോട്ടുകള്‍ക്ക് മാണി സി കാപ്പന്‍ പരായപ്പെടുത്തി.
ഇത്തവണ മാണിയുടെ മകൻ ജോസ് കെ മാണി തന്നെയാണ് കളത്തിൽ. കേരള കോൺഗ്രസിൻ്റേയും ജോസ് കെ മാണിയുടേയും രാഷ്ട്രീയ ഭാവി തന്നെ നിർണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. മണ്ഡലത്തിൽ എൻഡിഎയുടെ ശക്തനായ സ്ഥാനാർഥി ഷോൺ ജോർജിൻ്റെ സാന്നിധ്യം ഒരു ത്രികോണ പോരിനു വഴിവച്ചിരിക്കുകയാണ്.

കടുത്തുരുത്തി
സ്ഥാനാർഥികൾ : നിർമല ജിമ്മി (KC-M) | അഡ്വ മോൻസ് ജോസഫ് (KC-J) | സുരേഷ് ഇട്ടിക്കുന്നേൽ (BDJS)
2006 മുതല്‍ മോന്‍സ് ജോസഫ് ആണ് കടുത്തുരുത്തിയുടെ ജന പ്രതിനിധി. കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പം യുഡിഎഫിന്റെ ഭാഗമായിരുന്നു 2016 വരെ മോന്‍സും കടുത്തുരുത്തിയും. എന്നാൽ കേരള കോണ്‍ഗ്രസ് എം ഇടത് പക്ഷത്ത് എത്തിയപ്പോൾ മോന്‍സ് യുഡിഎഫില്‍ പിജെ ജോസഫിന് ഒപ്പം തുടര്‍ന്നു. 2021ലും വിജയം ആവര്‍ത്തിച്ചു.കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയായി മത്സരിച്ച സ്റ്റീഫന്‍ ജോര്‍ജിനെ പരാജയപ്പെടുത്തിയായിരുന്നു മോന്‍സിന്റെ നാലാം വിജയം. ഭൂരിപക്ഷം 4256.

വൈക്കം
സ്ഥാനാർഥികൾ – പി പ്രദീപ് (CPI) | കെ ബിനിമോൻ (INC) | കെ അജിത്ത് (BJP)
കോട്ടയത്തെ ഇടതു പക്ഷത്തിന്റെ ഉറച്ച മണ്ഡലം. 1957, 1991 തെരഞ്ഞെടുപ്പുകളില്‍ ഒഴികെ എല്ലാം ഇടതുപക്ഷത്തിന് ഒപ്പം. ജില്ലയിലെ സിപിഐയുടെ സിറ്റിങ് സീറ്റാണ് വൈക്കം.
2011 ല്‍ കെ അജിത്ത്, 2016, 21 തെരഞ്ഞെടുപ്പുകളില്‍ സി കെ ആശ. കോണ്‍ഗ്രസിന്റെ പി ആര്‍ സോനയെ പരാജയപ്പെടുത്തിയായിരുന്നു സി കെ ആശ മണ്ഡലത്തില്‍ രണ്ടാമൂഴം നേടിയത്. ഭൂരിപക്ഷം 29,122. ഇടതിൻ്റെ എംഎൽഎ ആയിരുന്ന അജിതാണ് ഇത്തവണ എൻഡിഎ സ്ഥാനാർഥി.

ഏറ്റുമാനൂര്‍
സ്ഥാനാർഥികൾ – വി എൻ വാസവൻ (CPM) | നാട്ടകം സുരേഷ് (INC)
2011 മുതല്‍ ഇടതുപക്ഷത്തിന് ഒപ്പമാണ് ഏറ്റമാനൂര്‍. 2011, 2016 തെരഞ്ഞെടുപ്പുകളില്‍ സിപിഎം സ്ഥാനാര്‍ഥിയായി സുരേഷ് കുറുപ്പ് വിജയിച്ചു. 2021 ല്‍ വി എന്‍ വാസവന്‍ സിപിഎമ്മിന്റെ വിജയം ആവര്‍ത്തിച്ചു. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റില്‍ അഡ്വ. പ്രിന്‍സ് ലൂക്കോസിനെ 14303 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് വിഎന്‍ വാസവന്‍ വിജയിച്ചത്.

കോട്ടയം
സ്ഥാനാർഥികൾ – അഡ്വ കെ അനിൽകുമാർ (CPM) | തിരുവഞ്ചൂർ രാധാകൃഷ്ണൻ (INC) | പി അനിൽകുമാർ (BDJS)
2011 മുതല്‍ കോണ്‍ഗ്രസില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിജയിച്ച് വരുന്ന സീറ്റാണ് കോട്ടയം. സിപിഎം സ്ഥാനാര്‍ഥി അഡ്വ. കെ അനില്‍ കുമാറിനെ 18743 വോട്ടുകള്‍ക്കാണ് തിരുവഞ്ചൂര്‍ പരാജയപ്പെടുത്തിയത്.

പുതുപ്പള്ളി
സ്ഥാനാർഥികൾ കെ എം രാധാകൃഷ്ണൻ (CPM) | ചാണ്ടി ഉമ്മൻ (INC)
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലം. 2023ലെ ഉപതെരഞ്ഞെടുപ്പിന് ശേഷം ചാണ്ടി ഉമ്മനെയും പുതുപ്പള്ളി ജന പ്രതിനിധിയായി തെരഞ്ഞെടുത്തു.
സിപിഎമ്മിന്റെ ജെയ്ക് സി തോമസിനെ 9044 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഉമ്മന്‍ ചാണ്ടി 2021 ല്‍ വിജയം നേടിയത്.
ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷം നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജെയ്ക് സി തോമസിനെ 37719 വോട്ടുകള്‍ക്കായിരുന്നു ചാണ്ടി ഉമ്മന്‍ പരാജയപ്പെടുത്തിയത്.

കാഞ്ഞിരപ്പള്ളി
സ്ഥാനാർഥികൾ – ഡോ എൻ ജയരാജ് (KC-M) | പ്രൊഫ. റോണി കെ ബേബി (INC) | ജോർജ് കുര്യൻ (BJP)
2011 മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിന് ഒപ്പമാണ് കാഞ്ഞിരപ്പള്ളി. എന്‍ ജയരാജ് മൂന്ന് ടേം ആയി മണ്ഡലത്തില്‍ നിന്നും വിജയിച്ചു വരികയും ചെയ്തു. 2021 ല്‍ കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്ത് എത്തിയതോടെ മണ്ഡലം എല്‍ഡിഎഫിന്റെ അക്കൗണ്ടിലെത്തി.
കോണ്‍ഗ്രസിലെ ജോസഫ് വാഴക്കനെ 13703 വോട്ടുകളുടെ ഭൂരി പക്ഷത്തില്‍ ആയിരുന്നു എന്‍ ജയരാജ് പരാജയപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി റോണി കെ ബേബി ഒരു സർപ്രൈസ് സ്ഥാനാർഥയാണ്. കാഞ്ഞിരപ്പള്ളി സെൻ്റ് ഡെമിനിക്സ് കോളജിലെ അധ്യാപകനും ചാനൽ ചർച്ചകളിലെ പരിചിത മുഖവുമാണ്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വരവും മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നു.

പൂഞ്ഞാർ
സ്ഥാനാർഥികൾ – സെബാസ്റ്റ്യൻ കുളത്തുങ്കൽ (KC-M) | സെബാസ്റ്റ്യൻ എം ജെ (INC) | പി സി ജോർജ് (BJP)
യുഡിഎഫിലും എല്‍ഡിഎഫിലും സ്വതന്ത്ര സ്ഥാനാര്‍ഥിയുമായി പി സി ജോര്‍ജ് വിജയിച്ചു വന്ന മണ്ഡലം. 1996 മുതല്‍ 2016 വരെ പി സി ജോര്‍ജ് ആയിരുന്നു പൂഞ്ഞാറിന്റെ ജന പ്രതിനിധി. 2021 ല്‍ സാഹചര്യങ്ങള്‍ മാറി. കേരള ജനപക്ഷം എന്ന പേരില്‍ തെഞ്ഞെടുപ്പിന് ഇറങ്ങിയ പി സി ജോര്‍ജ് പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസ് (എം) നേതാവ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് വിജയം നേടിയത്. 16581 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വിജയം.

ചങ്ങനാശ്ശേരി
സ്ഥാനാർഥികൾ – ജോബ് മൈക്കിൾ(KC-M) | വിനു ജോബ് (KC-J) | ബി രാധാകൃഷ്ണ മേനോൻ (BJP).
1980 മുതല്‍ 2016 വരെ കേരള കോണ്‍ഗ്രസ് നേതാവ് സി എഫ് തോമസ് വിജയിച്ച മണ്ഡലമായിരുന്നു ചങ്ങനാശ്ശേരി.
2021 ല്‍ പക്ഷേ സാചര്യങ്ങള്‍ മാറി. ചങ്ങനാശ്ശേരി എല്‍ഡിഎഫിന് ഒപ്പം നിന്നു. ഇടത് പക്ഷത്ത് എത്തിയ കേരള കോണ്‍ഗ്രസ് എമ്മിൻ്റെ അഡ്വ. ജോബ് മൈക്കിള്‍ വിജയിച്ചു. വി ജെ ലാലിക്കെതിരെ 6059 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു വിജയം.















