
വാഷിംഗ്ടൺ/ലണ്ടൻ: പശ്ചിമേഷ്യയിലെ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. ആഗോള ഷിപ്പിംഗ് സുഗമമാക്കുന്നതിനായി ഹോർമുസ് കടലിടുക്ക് അടിയന്തരമായി തുറക്കേണ്ടതു സംബന്ധിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാമറും ചർച്ച നടത്തി. ഞായറാഴ്ച വൈകിട്ട് ഫോണിലൂടെയാണ് ഇരുനേതാക്കളും ഈ വിഷയത്തിൽ നിർണ്ണായക തീരുമാനമെടുത്തതെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത 48 മണിക്കൂറിനുള്ളിൽ കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ്റെ വൈദ്യുത നിലയങ്ങൾ നശിപ്പിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടൻ്റെ പിന്തുണ തേടിയുള്ള നീക്കം. എന്നാൽ, കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന നിലപാടിൽത്തന്നെയാണ് ഇറാൻ. വൈദ്യുത നിലയങ്ങൾ ആക്രമിക്കപ്പെട്ടാൽ ഹോർമുസ് പൂർണ്ണമായും അടച്ചുപൂട്ടുമെന്നും ഇറാൻ തിരിച്ചടിച്ചു. പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ബ്രിട്ടൻ നേരിട്ട് പങ്കുചേരുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.
അതേസമയം, ഇറാനും ഹിസ്ബുള്ളയ്ക്കുമെതിരെയുള്ള പോരാട്ടം ഇനിയും ആഴ്ചകളോളം നീണ്ടുപോയേക്കാമെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കി. സംഘർഷം രൂക്ഷമായതോടെ ഇസ്രായേലിലുള്ള അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യുഎസ് എംബസി നിർദ്ദേശിച്ചു. തിങ്കളാഴ്ച മുതൽ ജറുസലേമിൽ നിന്നും ജോർദാനിലെ അമ്മാനിലേക്കും അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ചാർട്ടേഡ് ബസ് സർവീസുകൾ എംബസി ഏർപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പ് നൽകി. മേഖലയിലെ രാജ്യങ്ങൾക്ക് പുറമെ മറ്റ് വിദേശ രാജ്യങ്ങളിൽ താമസിക്കുന്നവരും സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്നാണ് നിർദ്ദേശം.
Attack on Iran if Strait of Hormuz not opened: Britain and US hold talks after Trump’s warning, high alert in West Asia















