പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം: ഒരാൾ മരിച്ചു, 38 പേരെ രക്ഷപ്പെടുത്തി; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ

ബാഗ്ദാദ്: പേർഷ്യൻ ഗൾഫിൽ ഇറാഖിൻ്റെ അധീനതയിലുള്ള സമുദ്രഭാഗത്ത് രണ്ട് വിദേശ എണ്ണക്കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കപ്പലിലുണ്ടായിരുന്ന 38 ജീവനക്കാരെ ഇറാഖ് അധികൃതർ രക്ഷപ്പെടുത്തി. ഇറാഖിലെ തുറമുഖ വകുപ്പ് മേധാവി ഫർഹാൻ അൽ-ഫർതൂസി ആണ് രക്ഷാപ്രവർത്തന വിവരം പുറത്തുവിട്ടത്. രക്ഷപ്പെടുത്തിയവരെല്ലാം വിദേശികളാണെന്നും എന്നാൽ ഇവരുടെ പരിക്കുകളെക്കുറിച്ചോ കപ്പലുകൾക്കുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാൻ ഏറ്റെടുത്തു. അന്തർവാഹിനി ഡ്രോൺ (Underwater drone) ഉപയോഗിച്ചാണ് കപ്പലുകൾ തകർത്തതെന്ന് ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി റിപ്പോർട്ട് ചെയ്തു. എന്നാൽ, സ്ഫോടകവസ്തുക്കൾ നിറച്ച ഇറാനിയൻ ബോട്ടാണ് കപ്പലുകളിൽ ഇടിച്ചതെന്ന് ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥർ സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

ആക്രമണത്തെത്തുടർന്ന് മേഖലയിലെ എണ്ണ തുറമുഖങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. ഇറാഖിൻ്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണ് നടന്നതെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇറാഖ് സൈനിക വക്താവ് ലഫ്റ്റനൻ്റ് ജനറൽ സാദ് മാൻ വ്യക്തമാക്കി.

മാൾട്ടയുടെ പതാകയുള്ള ‘സെഫിറോസ്’, മാർഷൽ ഐലൻഡ്‌സിൻ്റെ പതാകയുള്ള ‘സേഫ്‌സീ വിഷ്ണു’ എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. ഇതിൽ സേഫ്‌സീ വിഷ്ണു അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. സെഫിറോസ് ഗ്രീക്ക് കമ്പനിയുടേതുമാണ്. കപ്പലുകൾ കത്തുന്നതിൻ്റെയും എണ്ണ കടലിൽ പടരുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാഖിലെ ഖോർ അൽ-സുബൈർ തുറമുഖത്തേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായത്.

Attack on oil tankers in Persian Gulf: One dead, 38 rescued; Iran claims responsibility

More Stories from this section

family-dental
witywide